അഭിറാം മനോഹർ|
Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (16:00 IST)
രാജ്യത്തെ
ജനസംഖ്യ കണക്കെടുപ്പിനായുള്ള സെന്‍സസ് അടുത്തമാസം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2021ല്‍ പൂര്‍ത്തിയാക്കേണ്ട സെന്‍സസ് കണക്കുകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും കണക്കാക്കുന്നത് 2011ലെ ഡാറ്റ ആണ്. അതിനാല്‍ തന്നെ സര്‍ക്കാര്‍ പുറത്തിറക്കുന്ന പല കണക്കുകള്‍ക്കും വിശ്വാസ്യതയില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സെന്‍സസ് വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
സെന്‍സസ് പൂര്‍ത്തിയാക്കാന്‍ 18 മാസക്കാലം വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ 2026 മാര്‍ച്ചിലാകും സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാവുക. സെന്‍സെക്‌സ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷന്‍ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടനെ തന്നെ ഈ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും.
നേരത്തെ 2019 മാര്‍ച്ചില്‍ 2021ല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനവും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഉണ്ടായതോടെയാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്.