ബോർഡർ- ഗവാസ്കർ ട്രോഫി ഞങ്ങൾക്ക് ആഷസിന് തുല്യം, ഇത്തവണ തൂത്തുവാരുമെന്ന് മിച്ചൽ സ്റ്റാർക്

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2024 (14:18 IST)
ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയെ ആഷസ് പരമ്പരയ്ക്ക് തുല്യമായാണ് കാണുന്നതെന്ന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. നവംബറിലാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് തുടക്കമാവുന്നത്. 3 പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അഞ്ച് ടെസ്റ്റ് മത്സരങ്ങളായി നടത്തുന്നത്. ഇതിന് മുന്‍പ് 1991-92 സീസണിലായിരുന്നു അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടന്നത്.

അഞ്ച് ടെസ്റ്റ് മത്സരങ്ങളായി പരിഷ്‌കരിച്ചതൊടെ ആഷസ് പരമ്പരയ്ക്ക് തുല്യമായിരിക്കുകയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെന്നാണ് മിച്ചല്‍ സ്റ്റാര്‍ക് വൈഡ് വേള്‍ഡ് ഓഫ് സ്‌പോര്‍ട്‌സിനോട് പ്രതികരിച്ചത്. 2014-15ന് ശേഷം
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചിട്ടില്ല. 2018 മുതല്‍ നാല് തവണയും തുടര്‍ച്ചയായി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഇത്തവണ ഇന്ത്യയ്‌ക്കെതിരെ പരമ്പര തൂത്തുവാരണമെന്ന ആഗ്രഹമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്.


ഓസ്‌ട്രേലിയയിലെ എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വളരെ ശക്തമായ ടീമാണെന്ന് അറിയാം. ജനുവരി 8ന് ഞങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ ട്രോഫിയും ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ടെസ്റ്റ് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി താന്‍ വൈറ്റ് ബോളില്‍ മത്സരങ്ങള്‍ കുറയ്ക്കുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :