ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 62,939, 24 മണിക്കൂറിനിടെ 3000ലധികം കേസുകൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 10 മെയ് 2020 (12:25 IST)
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,277 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 62,939 ആയി ഉയർന്നു.രാജ്യത്ത് കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2000 കടക്കുകയും ചെയ്‌തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരാണ് രാജ്യത്ത് കൊവിഡ് ബാധയേറ്റ് മരിച്ചത്. ഇതോടെ മരണസംഖ്യ 2,109 ആയി.രാജ്യത്താകെ 41,472 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.മഹാരാഷ്ട്രയില്‍ മാത്രം 20,228 പേര്‍ രോഗബാധിതരാണ്. 779 പേരാണ് ഇവിടെ മരിച്ചത്.ഗുജറാത്തില്‍ 7,796 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 472 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 6,542 രോഗികളുണ്ട്. രാജസ്ഥാനിൽ 3,708 പേർക്കും തമിഴ്‌നാട്ടിൽ 6,535 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിദിനം 95,000 ടെസ്റ്റുകളാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. 15 ലക്ഷത്തിലധികം ടെസ്റ്റുകൾ രാജ്യത്ത് നടത്തി. മെയ് 17ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ വലിയ വർധനവാണ് രോഗികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :