കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സേനാംഗത്തെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 21 ഒക്‌ടോബര്‍ 2020 (09:40 IST)
ലഡാക്: അതിർത്തി ലംഘിച്ച് ഇന്ത്യയിലെയ്ക്ക് കടന്നുകയറിയ പീപ്പിൾസ് ലിബറേഷൻ ആർമി അംഗത്തെ ചൈനയ്ക്ക് കൈമാറി ഇന്ത്യ. ചുഷൂൽ മാൽഡോ മീറ്റിങ് പോയന്റിൽ‌വച്ച് ഇന്നലെ രാത്രിയാണ് ചൈനീസ് ജവാൻ വാങ് യാ ലോങ്ങിനെ കൈമാറിയത്. ഇന്ത്യൻ ഏജൻസികൾ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ജവാനെ ചൈനയ്ക്ക് വിട്ടുനൽകിയത്. ലഡാക്കിലെ ഡെംചോകിൽനിന്നുമാണ് ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടിയത്.

ഇയാളുടെ പക്കൽനിന്നും സിവിൽ, സൈനിക രേഖകൾ പിടിച്ചെടുത്തിരുന്നു. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ആറാമത്തെ മോട്ടോറൈസ്ഡ് ഇൻഫെന്ററി ഡിവിഷനിൽപ്പെട്ട അംഗമാണ് ഇയാൾ എന്നാണ് വിവരം. ചാര പ്രവർത്തനങ്ങൾക്കായാണോ ഇയാൾ അതിർത്തി കടന്നത് എന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിശദമായി പരിശോധിച്ചിരുന്നു. തന്റെ യാക്കിനെ വീണ്ടെടുക്കാനാണ് ഇന്ത്യയിലേയ്ക്ക് കടന്നത് എന്നാണ് ചൈനീസ് സൈനികൻ നൽകിയ വിശദീകരണം. ഇയാളിൽനിന്നും ആയുധങ്ങൾ ഒന്നും കണ്ടെത്തീയിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :