ഇന്ത്യയുടെ സ്വന്തം സ്പേസ് ഷട്ടില്‍ ജൂലൈയില്‍ കന്നിപ്പറക്കല്‍ നടത്തും

ഹൈദരാബാദ്| VISHNU N L| Last Updated: വ്യാഴം, 28 മെയ് 2015 (12:41 IST)
ഐഎസ്ആര്‍ഒ വികസിപ്പിച്ച സ്പേസ് ഷട്ടില്‍ ജൂലൈ അവസാനത്തോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ബഹിരാകാശത്തേക്കു കുതിക്കും. പുനരുപയോക്തമായ വാഹനം ഇന്ത്യയ്ക്ക് സ്വന്തമാകുന്നതൊടെ ബഹിരാകാശ ദൌത്യങ്ങളില്‍ രാജ്യത്തിന്റെ ചിലവ് ഗണ്യമായി കുറയും. പരീക്ഷണം വിജയിച്ചാല്‍ ബഹിരാകശ ദൗത്യങ്ങളുടെ ചെലവ് അഞ്ചിലൊന്നായി കുറയും.

ഒരു തവണ ഉപഗ്രഹത്തെ വിക്ഷേപിച്ച ശേഷം റോക്കറ്റിനെ നശിപ്പിച്ചു കളയുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ സ്പേസ് ഷട്ടില്‍ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഒരേ വിക്ഷേപണ വാഹനം ഉപയോഗിച്ചു നിരവധി ദൗത്യങ്ങള്‍ നടത്താനാകും. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ ഇതിന്‍റെ അവസാന മിനുക്കു പണികളിലാണ് ശാസ്ത്രജ്ഞര്‍. ജൂലൈ അവസാനത്തോടെ ബഹിരാകാശ വാഹനം കന്നിയാത്ര നടത്തും.

റോക്കറ്റ് ബൂസ്റ്റര്‍ എന്ന രീതിയിലാകും ഇതിനെ ഉപയോഗിക്കുക. വിക്ഷേപണത്തിനു ശേഷം 70 കീലോമീറ്റര്‍ ഉയരത്തിലേക്കു മാറ്റുന്ന സ്പേസ് ഷട്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കാനാണു പദ്ധതി. ശബ്ദത്തിന്‍റെ അഞ്ച് മടങ്ങു വേഗത്തിലായിരിക്കും സ്പേസ് ഷട്ടില്‍ ഭൂമിയില്‍ തിരിച്ചിറങ്ങുക. തിരിച്ചിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത ചൂടു മൂലം കേടുപാട് ഉണ്ടാകുന്നതു തടയാന്‍ ഷട്ടിലിന്‍റെ മുന്‍ഭാഗത്ത് അറുനൂറോളം താപപ്രതിരോധ കവചങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന വാഹനത്തെ വീണ്ടെടുക്കാന്‍ ഐ‌എസ്‌ആര്‍‌ഒ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. പരീക്ഷണം വിജയിക്കുന്നതോടെ അമേരിക്കയ്ക്ക് മാത്രം സ്വന്തമായുള്ള വിക്ഷേപണ സാങ്കേതിക വിദ്യ ഇന്ത്യയും സ്വായത്തമാക്കുകയാണ്. ഇതിലൂടെ ബഹിരാകാശ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും രാജ്യത്തിനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :