വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (10:38 IST)
ഡല്‍ഹി: ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. സൈനിക നീക്കത്തിനായി സേന സുസജ്ജമാണെന്നും. കാര്യങ്ങൾ പൂർണമായും നിരീക്ഷിയ്ക്കുന്നുണ്ട് എന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. അതിർത്തിയിയിൽ ചർച്ചകൾ പുരോഗമിയ്ക്കുന്നതിനിടെയാണ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി രംഗത്തെത്തിയിരിയ്ക്കുന്നത്.
ചൈനയൂടെ കടന്നുകയറ്റത്തിനെതിരെ സൈനികമായി തന്നെ മറുപടി പറയാൻ സുസജ്ജമാണ് സേന. എന്നാൽ നയതന്ത്ര, സേനാ തലങ്ങളിലുള്ള ചർച്ചകൾ പരാജയമായാൽ മാത്രമേ അത്തരം നീക്കങ്ങളിലേയ്ക്ക് കടക്കു. അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്ര പ്രത്യേകതയാണ് പലപ്പോഴും സംഘര്‍ഷത്തിന് കാരണം. കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. അതിനാല്‍ ചര്‍ച്ചകളിലൂടെ പിന്മാറ്റം തീരുമാനിക്കലാണ് അഭികാമ്യം.
നിരീക്ഷണം നടത്തി ഇരുരാജ്യങ്ങളും പരസ്പരം അതിര്‍ത്തിയിലെ ദൂരം കണക്കാക്കേണ്ടതുണ്ട്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ പരിശ്രമങ്ങളും ഇന്ത്യന്‍ ഭരണകൂടം നടത്തുകയാണ്. എന്നാല്‍ അതിർത്തിയിലെ പൂർവ്വസ്ഥിതി പുനഃസ്ഥാപിക്കാന്‍ പ്രതിരോധ സേനകള്‍ പ്രതിജ്ഞാ ബദ്ധമാണ്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിയ്ക്കുന്നുണ്ടെന്നും ബിപിൻ റാവത് വ്യക്തമാക്കി.