ന്യൂഡല്‍ഹി|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (15:02 IST)
കത്തുകള്‍ കഥ പറയുന്ന കാലം കടന്നുപോയിട്ടില്ല. എന്നാല്‍, ഇക്കാലത്ത് പ്രശസ്തമാകുന്ന കത്തുകള്‍ പലതും പ്രശസ്തര്‍ അവരുടെ മക്കള്‍ക്കോ കൊച്ചുമക്കള്‍ക്കോ എഴുതുന്നതാണ്. ഇതാ ഇപ്പോള്‍ ബോക്സിംഗ് താരം മേരി കോം തന്റെ മൂന്ന് ആണ്‍മക്കള്‍ക്ക് എഴുതിയ കത്താണ് ശ്രദ്ധ നേടുന്നത്. പതിനേഴ് വയസ്സ് ഉണ്ടായിരുന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് മക്കള്‍ക്ക് എഴുതിയ കത്തില്‍ മേരി കോം വ്യക്തമാക്കുന്നത്. 2003ലെ ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവാണ് മേരി കോം.
എവിടെയെങ്കിലും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത് കണ്ടാല്‍ അതിനെതിരെ നിലപാട് എടുക്കണമെന്നും കത്തില്‍ തന്റെ ആണ്‍മക്കളോട് മേരി കോം ആവശ്യപ്പെടുന്നു. അഞ്ചുതവണ ചാമ്പ്യനായ മേരി കോം കത്തില്‍ പറയുന്നത് ഇങ്ങനെ, “രാവിലെ എട്ടരയ്ക്ക് പരിശീലനക്യാമ്പില്‍ പോകുന്നതിനായി സൈക്കിള്‍റിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ വഴിപോക്കനായ ആള്‍ സ്തനങ്ങളില്‍ പിടിക്കുകയായിരുന്നു. എനിക്ക് വളരെയധികം ദേഷ്യം വന്നു, അപ്പോള്‍ തന്നെ റിക്ഷയില്‍ നിന്ന് ചാടിയിറങ്ങി, ചെരുപ്പും കൈയില്‍ പിടിച്ച് അയാളുടെ പിന്നാലെ ഓടി. എന്നാല്‍, അയാള്‍ രക്ഷപ്പെടുകയായിരുന്നു. കരാട്ടെ പഠിച്ചു കഴിഞ്ഞ ആ കാലത്ത് അയാളെ കൈയില്‍ കിട്ടാത്തതില്‍ എനിക്ക് വളരെ പശ്ചാത്താപം തോന്നി’ - മേരി കോം കുറിക്കുന്നു.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു മേരി കോം ഓന്‍ലെറിനെ വിവാഹം ചെയ്തത്. ‘നിങ്ങള്‍ വളര്‍ന്നുവരികയാണ്. സ്ത്രീകളെ പീഡിപ്പിക്കുന്നതും കളിയാക്കുന്നതും കഠിനമായ ശിക്ഷകിട്ടുന്ന കുറ്റങ്ങളാണ്. എവിടെയെങ്കിലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് കണ്ടാന്‍ സഹായത്തിന് നിങ്ങള്‍ ഓടിയെത്തണം.’ മക്കള്‍ക്കുള്ള കത്തില്‍ മേരി കോം വ്യക്തമാക്കുന്നു.