ഗോവയില്‍ കാഴ്ചയുടെ പൂരത്തിന് തുടക്കമായി

ഗോവ| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (10:45 IST)
നാല്‍പ്പത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കമായി. അമിതാഭ് ബച്ചന്‍, രജനീകാന്ത് എന്നിവര്‍ ചേര്‍ന്ന് മേളക്ക് തിരിതെളിച്ചു. ഗോവയില്‍ ഇനി പത്തു ദിനം കാഴ്ചയുടെ പൂരം. ഇന്ത്യന്‍ സിനിമക്കുള്ള സമഗ്രസംഭാവനകള്‍ പരിഗണിച്ച് രജനീകാന്തിന് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി.

മൊഹസന്‍ മക്മല്‍ബഫിന്റെ ദ പ്രസിഡന്റ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. മേളയുടെ മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളാണുള്ളത്. വാങ് കാര്‍ വായിയുടെ ദ ഗ്രാന്‍ഡ്മാസ്റ്ററാണ് സമാപന ചിത്രം.

30 വരെ നടക്കുന്ന മേളയില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള 179 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ 20 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യപ്രദര്‍ശനമായിരിക്കും ഗോവയില്‍ നടക്കുക. ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന 91 ചിത്രങ്ങളുമുണ്ട്, ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച 28 ചിത്രങ്ങളും. ലോകസിനിമാവിഭാഗത്തില്‍ 61 ചിത്രങ്ങളും മാസ്റ്റര്‍സ്ട്രോക്ക് വിഭാഗത്തില്‍ 11ഉം ഫെസ്റ്റിവല്‍ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഇരുപതും സോള്‍ ഓഫ് ഏഷ്യ വിഭാഗത്തില്‍ ഏഴും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചൈനയില്‍ നിന്നുള്ള ഒന്‍പത് ചിത്രങ്ങളാണ് ഫോക്കസ് വിഭാഗത്തില്‍. ആറ് വീതം ഡോക്യുമെന്ററികളും ആനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വടക്കു കിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കി അവിടെ നിന്നുള്ള ഏഴ് ചിത്രങ്ങള്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ദേശീയ അവാര്‍ഡ് നേടിയ നോര്‍ത്ത് 24 കാതം ഉള്‍പ്പെടെ ദൃശ്യം, 1983, ഞാന്‍, മുന്നറിയിപ്പ്, ഞാന്‍ സ്റ്റീവ് ലോപ്പസ്, സ്വപാനം എന്നീ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഹോമേജ് വിഭാഗത്തില്‍ റോബിന്‍ വില്യംസ്, റിച്ചാര്‍ഡ് അറ്റന്‍ബറോ, ഗോര്‍ഡന്‍ വില്യംസ്, അലന്‍ റെനെ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്കായി ഇത്തവണ ദിവസവും ഓരോ ചിത്രം വീതം സൌജന്യമായും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അറ്റന്‍ബറോയുടെ 'ഗാന്ധി ആണ് ഈ വിഭാഗത്തില്‍ ആദ്യം പ്രദര്‍ശിപ്പിക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :