ചെന്നൈ|
Last Modified ശനി, 15 നവംബര്‍ 2014 (10:36 IST)
ചെന്നൈയിലെ വണ്ടലൂര്‍ കാഴ്ചബംഗ്ലാവില്‍നിന്നും 5 കടുവകള്‍ രക്ഷപ്പെട്ടു. കടുവകളെ കാണാതായതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങള്‍ ഭീതിയുടെ നിഴലില്‍. കാഴ്‌ചബംഗ്‌ളാവിന്റെ ഏഴു മീറ്റര്‍ ഉയരമുള്ള മതില്‍ കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീണിരുന്നു. ഇതിലൂടെ ഇവ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്.
എന്നാല്‍ കടുവകളെല്ലാം മൃഗശാലയില്‍ തന്നെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മതില്‍ തകര്‍ന്നു വീണതായി കണ്ടെത്തിയ സമയത്ത് നാലു കടുവകള്‍ കൂട്ടിലും ഒരെണ്ണം കൂടിന് സമീപത്തെ വളപ്പിലും ഉണ്ടായിരുന്നതായി കാഴ്‌ച ബംഗ്ലാവ് അധികൃതര്‍ പറഞ്ഞു. തകര്‍ന്നു വീണ മതിലിന്റെ ഭാഗത്ത് ചങ്ങല കൊണ്ട് വേലി തീര്‍ത്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
അതേസമയം ഒരു കടുവ രക്ഷപെട്ടിട്ടുള്ളതായി ഇന്നലെ വൈകിട്ട് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.രണ്ടു കടുവകളെ കണ്ടെത്താനായില്ലെന്നാണ് വിവരമെന്ന് പൊലീസും പറയുന്നു. കടുവകള്‍ക്ക് വേണ്ടി കാഴ്‌ചബംഗ്‌ളാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫോറസ്‌റ്റ് ഓഫീസര്‍മാര്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്‌തമാക്കി.
കാഴ്‌ച ബംഗ്‌ളാവിനുള്ളില്‍ മറ്റു മൃഗങ്ങള്‍ ഏതെങ്കിലും കടുവയ്‌ക്ക് ഇരയായിട്ടുണ്ടോ എന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കിടങ്ങും കൂറ്റന്‍ മതിലുമുള്ള രണ്ടു ഹെക്‌ടര്‍ സ്‌ഥലത്തിനകത്ത് അഞ്ചു ബംഗാള്‍ കടുവകളാണ് ഉണ്ടായിരുന്നത്. കാഴ്‌ചബംഗ്‌ളാവില്‍ 12 ബംഗാള്‍ കടുവകളും 14 വെള്ളക്കടുവകളുമാണ് ഉള്ളത്.