ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (16:59 IST)
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി തള്ളിയത്.
അമിത് ഷായേയും എസ്.ഗുരുമൂര്‍ത്തിയേയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സഞ്ജീവ് ഭട്ട് ഹര്‍ജി നല്‍കിയത്. തനിക്കെതിരായ രണ്ട് കേസുകളില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള സഞ്ജീവ് ഭട്ടിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഗുജറാത്ത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇ-മെയില്‍
അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനെതിരെയുളള നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.