ഗോപിനാഥ് മുണ്ടെക്ക് രാജ്യത്തിന്റെ ആദരാഞ്ജലി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 4 ജൂണ്‍ 2014 (08:16 IST)
കാറപകടത്തത്തുടര്‍ന്ന് അന്തരിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രിയും ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെക്ക് രാജ്യത്തിന്റെ ആദരാഞ്ജലി. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവെച്ചശേഷം മൃതദേഹം വൈകീട്ട് മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച ജന്മനാടായ ബീഡ് ജില്ലയിലെ പറളി ഗ്രാമത്തില്‍ നടക്കും.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചക്ക് ഒരു മണിയോടെ അശോകാറോഡിലെ ബിജെപി ആസ്ഥാനത്ത് കൊണ്ടുവന്ന മൃതദേഹം ബിജെപി പതാകയില്‍ പൊതിഞ്ഞ് പൊതുദര്‍ശനത്തിനുവെച്ചു. മുണ്ടെയുടെ മകളും മഹാരാഷ്ട്ര എം.എല്‍.എയുമായ പങ്കജ മുണ്ടെ, മറ്റു മക്കളായ പ്രീതം മുണ്ടെ, യശശ്രീ മുണ്ടെ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.

ചൊവ്വാഴ്ച രാവിലെ 6.20ന് ന്യൂഡല്‍ഹിയിലെ ഔറംഗസീബ് ചൗക്കില്‍ അപകടം നടന്നയുടന്‍ മുണ്ടെയെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വന്തം മണ്ഡലമായ മഹാരാഷ്ട്രയിലെ ബീഡില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷറാലിയില്‍ പങ്കെടുക്കാന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു മുണ്ടെ.

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, പ്രകാശ് ജാവ്ദേക്കര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, വക്താവ് രാം മാധവ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങിയവര്‍ ബിജെപി ആസ്ഥാനത്തത്തി മുണ്ടെക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :