പാറ്റ്ന|
ജോൺസി ഫെലിക്‌സ്|
Last Updated:
ചൊവ്വ, 24 നവംബര്‍ 2020 (16:16 IST)
കല്യാണം മുടക്കിയ വിരുതൻറെ കട ജെസിബി വച്ച് ഇടിച്ചുപൊളിക്കുന്ന കാഴ്‌ച കുറച്ചുനാൾ മുമ്പ് വൈറലായിരുന്നു. എന്നാൽ ഒരു ഗ്രാമത്തിലെ മുഴുവൻ പെൺകുട്ടികളുടെയും വിവാഹം മുടങ്ങിയിട്ടും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ബീഹാറിലെ ഭോജ്‌പുർ ജില്ലയിലെ
രത്തൻപുർ ഗ്രാമവാസികൾ.
കുരങ്ങുശല്യമാണ് ഈ ഗ്രാമത്തിലെ പെൺകുട്ടികളെ ആരും വിവാഹം കഴിക്കാത്തതിന് കാരണം. ഇവിടെ ആരും പുറത്തിറങ്ങി സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാറില്ല. കുരങ്ങുകൾ കൂട്ടത്തോടെ ആക്രമിക്കുമെന്നുറപ്പ്. വീടിനുള്ളിലിരുന്നാലും രക്ഷയില്ല. കുരങ്ങന്മാർ എങ്ങനെയെങ്കിലും വീടിനുള്ളിൽ കടന്ന് എല്ലാവരെയും ആക്രമിക്കും.
ഗ്രാമവാസികൾ പലരും കുരങ്ങുശല്യം കാരണം നാടൊഴിഞ്ഞുപോയി. അങ്ങനെ പോകാൻ കഴിയാത്തവർ ഈ കുരങ്ങുശല്യത്തിന് പരിഹാരം കാണാനാകാതെ നിസ്സഹായരാണ്. അധികൃതർ ഈ വിഷയത്തിൽ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ഈ ഗ്രാമത്തിലെ പെൺകുട്ടികളെ വിവാഹം കഴിച്ചാൽ പിന്നീട് അവിടേക്ക് ഒന്ന് പോകാൻ പോലും കഴിയില്ലെന്ന് ഭയപ്പെട്ടാണ് ആരും വിവാഹത്തിനുപോലും തയ്യാറാകാത്തത്. മുമ്പൊരിക്കൽ ഈ ഗ്രാമത്തിൽ ഒരു വിവാഹം നടത്താൻ ശ്രമിച്ചെന്നും അന്ന് കുരങ്ങുകളുടെ ആക്രമണത്തിൽ കുറേപ്പേർ മരിച്ചെന്നും അതിനുശേഷം അങ്ങനെയൊരു സാഹസത്തിന് ആരും മുതിരില്ലെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.