ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (11:42 IST)
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള രഹസ്യ ഉപകരണങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍. ഗതാഗത, ഹൈവേ, ഷിപ്പിങ് വകുപ്പുകളുടെ ചുമതയുള്ള മന്ത്രിയായ ഗഡ്കരിയുടെ കിടപ്പുമുറിയില്‍നിന്നാണ് ഇവ കണ്ടെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുഎസ് ചാരസംഘടനകളായ സിഐഎയും എന്‍എസ്എയും ഉപയോഗിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണിവയെന്നാണ് വിവരം. ഇവ ഇന്ത്യയില്‍ ലഭ്യമായി ത്തുടങ്ങിയിട്ടില്ലെന്ന് പറയപ്പെടുന്നു. ബിജെപി നേതാക്കളുടെ വിവരങ്ങള്‍ യുഎസ് ചോര്‍ത്തിയതായി എഡ്വേഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ ഗഡ്കരിന്‍ നിഷേധിച്ചിട്ടുണ്ട്. ഇത് അതിരുകടന്ന അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. അതേ സമയം വിവരം ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെയും അറിയച്ചതായി മാധ്യമങ്ങള്‍ പറയുന്നു.
സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പ്രധാന മന്ത്രിയും മന്ത്രിമാരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് വ്യംഗ്യമായി അഭിപ്രായപ്പെട്ടു.
സര്‍ക്കാറിലെ മന്ത്രിമാര്‍ക്കിടയിലുള്ള പരസ്പര വിശ്വാസക്കുറവിന്റെ പ്രതിഫലനമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ആരുടെ നിര്‍ദേശപ്രകരമാണ് മന്ത്രിയുടെ വസതിയില്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കില്‍ അതിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. 2011-ല്‍, ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.