സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 31 ഡിസംബര്‍ 2025 (19:35 IST)
മുംബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം. സിഎസ്ഐ ദക്ഷിണ കേരള രൂപത നാഗ്പൂര്‍ മിഷനിലെ വൈദികനായ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അവരെ കാണാന്‍ സ്റ്റേഷനില്‍ എത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് ബെനോഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ രാത്രി 8 മണിയോടെ നാഗ്പൂരില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടെ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് ചെയ്തു. പിന്നീട് ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. സിഎസ്ഐ പ്രതിനിധികള്‍ സ്റ്റേഷനില്‍ ജാമ്യം നേടാന്‍ ശ്രമിച്ചെങ്കിലും കോടതിയില്‍ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടത്. എഫ്ഐആറിന്റെ പകര്‍പ്പും അവര്‍ക്ക് നല്‍കിയില്ല.
അറസ്റ്റിലായതില്‍ തിരുവനന്തപുരം അമരവിള സ്വദേശിയായ സുധീര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മഹാരാഷ്ട്രയിലാണ്. അറസ്റ്റിലായ ബാക്കി പത്ത് പേരും
മഹാരാഷ്ട്ര സ്വദേശികളാണ്. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.