യുപിയിലും മധ്യപ്രദേശിലും ഭക്ഷ്യവിഷബാധ, 500 കുട്ടികള്‍ ആശുപത്രിയില്‍

കാണ്‍പൂര്‍/ഭോപ്പാല്‍| VISHNU.NL| Last Modified ശനി, 16 ഓഗസ്റ്റ് 2014 (13:52 IST)
ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്ത മധുരപലഹാരം കഴിഞ്ഞ് അഞ്ഞൂറിലേറെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഏറെ കുട്ടികള്‍ക്ക് വിഷബാധയേറ്റത്. ഇവിടെ 450 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 25 കുട്ടികള്‍ അതീവ ഗുരുരാവസ്ഥയിലാണെന്നാണ്.

കാണ്‍പൂരിലെ ചൗബലപുരില്‍ സ്വാതന്ത്ര്യദിന പരിപാടിയ്ക്കു ശേഷം വിതരണം ചെയ്ത ലഡു കഴിച്ച നാലു പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. ലഡു കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും ചിലര്‍ അബോധാവസ്ഥയില്‍ ആവുകയും ചെയ്തു.ഇവരെ സമീപത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സംഭവത്തില്‍ ലഡു വിതരണം ചെയ്ത ബേക്കറി ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. ബേക്കറി പൂട്ടി സീല്‍ ചെയ്തു.

മധ്യപ്രദേശ് സെഹോറിലെ ബാലപുരിലാണ് മറ്റൊരു സംഭവം. ഇവിടെ സര്‍ക്കാര്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിന ആഘോഷചടങ്ങിനു ശേഷം 53 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു. ഭക്ഷണം കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നും ഇവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

ആറു കുട്ടികളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ഭക്ഷണം വിതരണം ചെയ്ത സന്നദ്ധ സംഘടനയുടെ ലൈസന്‍സ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. ഇവിടെനിന്നെടുത്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പോലീസ് ഉടനടി നടപടി സ്വീകരിച്ചതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :