മോദി പ്രഭാവം കൊണ്ടും ഹിന്ദുത്വ കൊണ്ടും വിജയിക്കാനാവില്ലെന്ന് തോന്നൽ മാത്രം, വോട്ട് ശതമാനത്തിൽ ബിജെപിക്കുണ്ടായത് അമ്പരപ്പിക്കുന്ന വളർച്ച

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (19:16 IST)
2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരെഞ്ഞെടുപ്പിനെ സെമിഫൈനല്‍ ഇലക്ഷന്‍ എന്ന നിലയിലാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഒരു പതിറ്റാണ്ടുകാലമായി തുടരുന്ന മോദി ഭരണത്തിന്റെ പ്രഭാവം നഷ്ടമായെന്നും ഹിന്ദുത്വ രാഷ്ട്രീയം കൊണ്ട് മാത്രം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും പല കോണില്‍ നിന്നും വിലയിരുത്തലുകള്‍ വന്ന സാഹചര്യത്തിലായിരുന്നു ഇത്തവണ തെരെഞ്ഞെടുപ്പ്.

അതിനാല്‍ തന്നെ ബിജെപിയുടെ വോട്ടിംഗ് ശക്തമാനത്തില്‍ കുറവ് കാണുമെന്നും കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളില്‍ മെച്ചപ്പെടുമെന്ന് തന്നെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളും വിധിയെഴുതിയത്. എന്നാല്‍ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്. 2018ല്‍ അധികാരത്തിലിരുന്ന മൂന്നിടത്തും കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. വോട്ടിംഗ് ശതമാനം കണക്കിലെടുക്കുമ്പോള്‍ ഒരു ശതമാനത്തോളം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
rahul gandhi

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ 0.49 ശതമാനത്തിന്റെ കുറവ് മാത്രമാണുണ്ടായത്. എന്നാല്‍ സീറ്റുകളുടെ എണ്ണം 114ല്‍ നിന്നും 66ലേക്ക് ചുരുങ്ങി. ഇവിടെ 41.02 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 48.55 ശതമാനമായി ഉയര്‍ന്നു. ഇതോടെ ബിജെപി നേടിയ സീറ്റുകള്‍ 109ല്‍ നിന്നും 163ലേക്കെത്തി. ഛത്തിസ്ഗഡില്‍ 43 ശതമാനം വോട്ട് വിഹിതത്തോടെ 68 സീറ്റുകളാണ് 2018ല്‍ കോണ്‍ഗ്രസ് നേടിയത്. ഇത്തവണ 0.77 ശതമാനം വോട്ട് കുറഞ്ഞതോടെ 33 സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായി. കഴിഞ്ഞ തവണ 33 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 46.27 ശതമാനത്തിലേക്കാണ് കുതിച്ചത്. സീറ്റുകളുടെ എണ്‍നം 15ല്‍ നിന്നും 55 ആയി ഉയര്‍ന്നു.

രാജസ്ഥാനില്‍ പക്ഷേ 2018നെ അപേക്ഷിച്ച് വോട്ട് വിഹിതം കൂടിയിട്ടും ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. കഴിഞ്ഞ തവണ 39.30 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ 39.53 ശതമാനമായി വര്‍ധിപ്പിക്കുവാന്‍ കോണ്‍ഗ്രസിനായി. അതേസമയം കഴിഞ്ഞ തവണ 38.08 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി വോട്ട് വിഹിതം 41.69 ശതമാനമാക്കി. അധികമായി 42 സീറ്റുകളാണ് ബിജെപി ഇതോടെ രാജസ്ഥാനില്‍ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :