Election Results 2023 Live:മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം ഉറപ്പിച്ച് ബിജെപി, തെലങ്കാന കോൺഗ്രസിനൊപ്പം

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2023 (11:19 IST)
ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ ഹിന്ദി ഹൃദയഭൂമിയിലെ തേരോട്ടം തുടര്‍ന്ന് ബിജെപി. മധ്യപ്രദേശില്‍ തുടര്‍ഭരണ സാധ്യത നിലനിര്‍ത്തിയ ബിജെപി രാജസ്ഥാനില്‍ ഭരണം പിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് നേരത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്.

അതേസമയം രാജസ്ഥാനില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് എക്‌സിറ്റ് ഫലങ്ങള്‍ സൂചന നല്‍കിയിരുന്നു. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ നൊറ്റിയിരുപതോളം സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. രാജസ്ഥാനും മധ്യപ്രദേശും പിടിച്ചതോടെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാനസംസ്ഥാനങ്ങളെല്ലാം ബിജെപിക്ക് കീഴിലാകും. ഛത്തിസ് ഗഡിലും ശക്തമായ പോരാട്ടമാണ് ബിജെപി കാഴ്ചവെയ്ക്കുന്നത്. ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാനാവുന്നത്.

അതേസമയം തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് തങ്ങളുടെ കരുത്ത് തെളിയിക്കാനായത്. തുടര്‍ഭരണം ഉറപ്പിക്കുമെന്ന് പറഞ്ഞ ബിആര്‍എസ് 40 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ എഴുപതിലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ആശ്വാസം നല്‍കുന്നത് തെലങ്കാനയിലെ പ്രകടനം മാത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :