രാജസ്ഥാനില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായത് ഗ്രൂപ്പിസം; ഗെല്ലോട്ട് യുഗം അവസാനിച്ചു

2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 100 സീറ്റുകള്‍ ലഭിച്ചിരുന്നു. ഇത്തവണ അത് 69 ആയി കുറഞ്ഞു

രേണുക വേണു| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (09:01 IST)

ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും രാജസ്ഥാനില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം. അശോക് ഗെല്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിഭാഗീയതയ്ക്ക് കാരണമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സച്ചിന്‍ പൈലറ്റ് വേണ്ടത്ര ഉത്സാഹം കാണിച്ചിരുന്നില്ല. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അശോക് ഗെല്ലോട്ട് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന ഭീതി സച്ചിന്‍ പൈലറ്റിന്റെ ക്യാംപില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുന്നവര്‍ തിരഞ്ഞെടുപ്പ് പ്രചണരത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചിരുന്നില്ല.

2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 100 സീറ്റുകള്‍ ലഭിച്ചിരുന്നു. ഇത്തവണ അത് 69 ആയി കുറഞ്ഞു. ബിജെപി 73 സീറ്റുകളില്‍ നിന്ന് 116 സീറ്റിലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപി മികച്ച പ്രകടനം നടത്തി.

കിഴക്കന്‍ രാജസ്ഥാനിലാണ് ബിജെപി കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത്. ഗുജ്ജാര്‍ സമുദായത്തിനു സ്വാധീനമുള്ള മേഖലയാണ് കിഴക്കന്‍ രാജസ്ഥാന്‍. ഗുജ്ജാര്‍ സമുദായത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് സച്ചിന്‍ പൈലറ്റ്. അശോക് ഗെല്ലോട്ടിന്റെ പിടിവാശി കാരണം സച്ചിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതില്‍ ഈ വിഭാഗത്തിനു ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഈ എതിര്‍പ്പ് ഇത്തവണ വോട്ടായി ബിജെപിയിലേക്ക് എത്തി.

കിഴക്കന്‍ രാജസ്ഥാനിലെ 11 ജില്ലകളിലായി 59 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 38 സീറ്റുകളും ബിജെപി ജയിച്ചു. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 2018 നേക്കാള്‍ 20 സീറ്റുകളാണ് കിഴക്കന്‍ രാജസ്ഥാനില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനുള്ള ജനങ്ങളുടെ ശക്തമായ മറുപടിയാണ് ഇതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെല്ലോട്ട് യുഗത്തിനു അന്ത്യമാകുകയാണ്. സച്ചിന്‍ പൈലറ്റായിരിക്കും ഇനി രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രധാന മുഖം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :