വെബ്‌ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 6 ഡിസംബര്‍ 2019 (11:19 IST)
ട്രെയിൻ യാത്രകളിൽ നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ള ഒരു ബുദ്ധിമുട്ടായിരിക്കും ആദ്യ ട്രെയിൻ വൈകിയതു കാരണം കണക്ഷൻ ട്രെയിൻ നഷ്ടമാവുക എന്നത്. സമയവും പണവും എല്ലാം നഷ്ടം. ആരോട് പരാതി പറയാൻ എന്ന് സ്വയം ചിന്തിച്ച് നമ്മൾ പരാതിപ്പെടാനും മടിക്കും.
എന്നാൽ ഈ അവസ്ഥ ഇനി ഉണ്ടാകില്ല. ആദ്യ ട്രെയിൻ വൈകിയതു കാരണം കണക്ഷൻ ട്രെയിൻ നഷ്ടമായാൽ ഇനി ഐആർസിടിസി പണം തിരികെ നൽകും. രണ്ട് ട്രെയിനുകളുടെയും പിഎൻആർ നമ്പരുകൾ ബന്ധിപ്പിച്ചാണ് ഈ യാത്രക്കാർക്ക് പണം തിരികെ നൽകാനുള്ള സംവിധാനം റെയിൽവേ ഒരുക്കിയിരിക്കുന്നത്.
ഐആർസിടിസിയിൽ കണക്ഷൻ ട്രെയിൻ ബുക്ക് ചെയ്യുന്നവർക്കാണ് ഇത്തരത്തിൽ പണം തിരികെ ലഭിക്കുക. ഇതിനായി ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കണക്ടിംഗ് ജേർണി ബുക്കിംഗ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ട്രെയിനുകൾ തിരഞ്ഞെടുത്ത് ബെർത്ത് വിവരങ്ങൾ നൽകിയ ശേഷം ബുക്ക് നൌ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
ശേഷം ഒരേ യൂസർ ഐഡിയിൽ ബുക്ക് ചെയ്ത രണ്ട് പിഎൻആർ നമ്പരുകളും നൽകുക. ഈ നമ്പരുകൾ പരിശോധിച്ച ശേഷം ഈ നമ്പരുകൾ വെബ്സൈറ്റ് ബന്ധിപ്പിക്കും. ട്രെയിൻ ലഭിക്കാതെ വന്നാൽ ഉപയോക്താവിന് പണം തിരികെ ലഭിക്കും. ഇരു യാത്രകളും തമ്മിൽ അഞ്ച് ദിവസത്തിൽ കൂടുതൽ വ്യത്യാസം ഉണ്ടാകാൻ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.