രേണുക വേണു|
Last Updated:
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (11:00 IST)
രാജ്യത്ത് കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി 170 ലേറെ വിമാന സര്‍വീസുകളാണ് വ്യാജ ബോബ് ഭീഷണിയെ തുടര്‍ന്ന് താറുമാറായത്. പ്രാഥമിക കണക്കുകള്‍ പ്രകാരം വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് 600 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായി. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുകയും വഴി തിരിച്ചു വിടേണ്ടി വരികയും ചെയ്തു. ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കേണ്ട അവസ്ഥയും ഉണ്ടായി. ഇതെല്ലാമാണ് വിമാനക്കമ്പനികള്‍ക്ക് ഭീമമായ നഷ്ടമുണ്ടാകാന്‍ കാരണം.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നീ കമ്പനികളുടെ 13 വീതം വിമാനങ്ങള്‍ അടക്കം ആകെ 50 വിമാന സര്‍വീസുകളിലാണ് കഴിഞ്ഞ ചൊവ്വാഴ്ച വ്യാജ ബോബ് ഭീഷണിയുണ്ടായത്. ഒന്‍പത് ദിവസങ്ങളിലായി 170 ലേറെ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി നേരിട്ടു. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ അടക്കമാണ് ഇത്.
ആഭ്യന്തര വിമാന സര്‍വീസിനു ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സര്‍വീസിനു അഞ്ച് മുതല്‍ അഞ്ചരക്കോടി രൂപയുമാണ് ചെലവ് വരുന്നത്. സര്‍വീസ് തടസ്സപ്പെട്ടാല്‍ ഓരോ വിമാന സര്‍വീസിനും വിവിധ കാരണങ്ങളാല്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകും. വലിയ വിമാനങ്ങള്‍ക്ക് ചെലവേറും. ഇങ്ങനെ 170 ലധികം സര്‍വീസ് തടസ്സപ്പെട്ടതോടെ നഷ്ടം ഏകദേശം 600 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ചൊവ്വാഴ്ച 50 ഭീഷണികളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഭീഷണികള്‍ തുടരുന്നതിനാല്‍ യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കാതെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.