യെസ് ബാങ്കിൽ 250 കോടി നിക്ഷേപം: കി‌ഫ്‌ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതായി കേന്ദ്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (17:47 IST)
കിഫ്‌ബിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം.ഇതുമായി ബന്ധപ്പെട്ട് കിഫ്‌ബി സിഇഒ ആയ കെ എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുവാൻ സാധിക്കില്ലെന്നും പാർലമെന്റിൽ അറിയിച്ചു.

കിഫ്‌ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നതായി രാജ്യസഭയിലാണ് കേന്ദ്രം അറിയിച്ചത്. കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ടാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതെന്നുമാണ് സർക്കാർ വിശദീകരണം. സ്വർണക്കടത്തിന് പിന്നാലെയാണ് കേരള സർക്കാറുമായി ബന്ധപ്പെട്ട കിഫ്‌‌ബിക്കെതിരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :