ന്യൂഡല്‍ഹി|
Last Modified വെള്ളി, 23 മെയ് 2014 (08:50 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രാഹുല്‍ ബ്രിഗേഡിന് കടുത്ത വിമര്‍ശനം. കോണ്‍ഗ്രസ് വിട്ടുവീഴ്‌ചയില്ലാത്ത ആത്മ പരിശോധന നടത്തണമെന്നും നേതൃസ്‌ഥാനത്തേക്ക് പരിചയസമ്പന്നരെ നിയോഗിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്‌തമാക്കി.
രാഹുല്‍ഗാന്ധിയെ ഉപദേശകര്‍ വഴിതെറ്റിച്ചെന്ന് വിമര്‍ശിച്ച മിലിന്ദ് ദിയോറ പ്രസ്താവന തിരുത്തി. പാര്‍ട്ടിയുടെ വലിയ തോല്‍വുടെ വേദനയില്‍ പറഞ്ഞു പോയതാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. പാര്‍ട്ടിയോടുള്ള വിശ്വസ്‌തതയുടെ പുറത്ത് അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
അതേസമയം പാര്‍ട്ടിയുടെ നിര്‍ണായകമായ പദവികളില്‍ പരിചയമില്ലാത്തവരെ നിയോഗിച്ചെന്ന ആരോപണത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. ചില ആള്‍ക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നെന്നും ഇത്തരക്കാരെ നിയോഗിക്കുന്നത് സഖ്യമുണ്ടാക്കുമ്പോഴും പ്രചരണത്തിലും ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ജനങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ അകന്നെന്ന് ഇന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുമായി കൂടിക്കാഴ്‌ച നടത്തിയ എഐസിസി അംഗം പ്രിയാ ദത്ത് പറഞ്ഞു. മിലിന്ദ് ദിയോറ ദക്ഷിണ മൂംബൈയില്‍ നിന്നും ശിവസേനയുടെ അരവിന്ദ് സാവന്ദിനോടും പ്രിയാദത്ത് ബിജെപിയുടെ പൂനം മഹാജനോടും തോറ്റിരുന്നു.