കോട്ടയം|
Last Modified വ്യാഴം, 22 മെയ് 2014 (09:09 IST)
കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുസ്ലിം ലീഗ് മുഖപത്രമായ
ചന്ദ്രിക നല്കിയ മുഖപ്രസംഗത്തിന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മറുപടി. ചന്ദ്രികയുടെ മുഖപ്രസംഗത്തിന് മുഖപ്രസംഗത്തിലൂടെ തന്നെയാണ് വീക്ഷണം മറുപടി നല്‍കിയത്.
ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മുസ്ലിംലീഗ് മുഖപത്രത്തിന്റെ നടപടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് പറയുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ ഇത്തരം ഒളിയുദ്ധങ്ങള്‍ മുന്‍പും ലീഗ് പത്രം നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം തന്നെ രാഹുലിനെ ആക്രമിക്കാന്‍ തിരഞ്ഞെടുത്തത് ദുരുദ്ദേശപരമാണെന്നും പത്രം ആരോപിക്കുന്നു.
പാര്‍ട്ടി മുഖപത്രത്തിന്റെ വിമര്‍ശനം ക്രിയാത്മകമാണെന്ന ലീഗ് നേതൃത്വത്തിന്റെ ന്യായീകരണം വിശ്വസിക്കാന്‍ ഒരു കോണ്‍ഗ്രസുകാരനും സാധ്യമല്ല. രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ ഊരുചുറ്റലായും വണ്മാന് ഷോ ആയും വിലകുറച്ചു കാണുന്ന പത്രം സൌഹാര്‍ദ്ദ ഭാഷയിലല്ല ഈ പദപ്രയോഗം നടത്തിയത്. പരിഹാസമാണ് ഈ വാക്കുകളില്‍ നിറയുന്നതെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ എഴുതി.
മലപ്പുറത്തെ സെവന്‍സ് ഫുട്ബോളില്‍ അടിയെടാ ഗോള്‍ എന്ന് അട്ടഹസിക്കുന്നതു പോലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കളിന്യായം പറയാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിരവധി വേനലും വറുതിയും കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വീഴ്ച തിരുത്തി വീണ്ടും തിരികെ വരാന്‍ കോണ്‍ഗ്രസിന് മുസ്ലിം ലീഗിന്റെ എന്‍ട്രന്‍സ് കോച്ചിംഗോ പാര്‍ട്ടി മുഖപത്രത്തിന്റെ ഹോം ട്യൂഷനോ ആവശ്യമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വത്തിന്റെ തേരോട്ടം പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ എന്തു സഹായമാണ് മുസ്ലിംലീഗില്‍ നിന്നും ഉണ്ടായിട്ടുളളത്. മുസ്ലിം ജനസംഖ്യ 25 ശതമാനത്തോളമുളള പശ്ചിമ ബംഗാളിലും യുപിയിലും ഒരു പഞ്ചായത്ത് അംഗത്തെപോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത മുസ്ലിംലീഗ് കേരളമാണ് ഇന്ത്യയെന്ന ധാരണ തിരുത്തണമെന്നും വീക്ഷണം വിവരിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ഷോ പ്രചാരണത്തെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചു മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന മുഖപ്രസംഗമാണ് യുഡിഎഫിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമിടയില്‍
വിവാദത്തിരി കൊളുത്തിയത്. മുഖപ്രസംഗം പാര്‍ട്ടിയുടെ നിലപാടല്ലെന്ന പ്രതികരണവുമായി മുസ്ലിം ലീഗ് ഉടന്‍ രംഗത്തെത്തിയെങ്കിലും അത് ഫലപ്രദമായില്ലെന്നാണ് വീക്ഷണത്തിന് മുഖപ്രസംഗം വെളിപ്പെടുത്തുന്നത്. കോണ്‍ഗ്രസില്‍ വേണ്ടത് റാഡിക്കലായ മാറ്റം എന്ന തലക്കെട്ടോടെ ചന്ദ്രിക ഇന്നലെ നല്കിയ മുഖപ്രസംഗത്തില്‍, പ്രചാരണഘട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ഷോ കോണ്‍ഗ്രസിനു ഗുണംചെയ്തില്ല എന്നു പറഞ്ഞിരുന്നു.