'എല്‍ നിനോ' വരുന്നു, ഇന്ത്യ വരണ്ടുണങ്ങുമെന്ന് പ്രവചനം

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (16:32 IST)
ഇന്ത്യയുറ്റെ സാമ്പത്തിക സുരക്ഷിതത്വത്തിനു, കാര്‍ഷിക മേഖലയ്ക്കും വമ്പന്‍ തിരിച്ചടി നല്‍കാന്‍ എല്‍‌ നിനോ പ്രതിഭാസം പസഫിക് സമുദ്രത്തില്‍ ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ പ്രവചനം. ഓരോ അഞ്ചുവര്‍ഷം കൂടുംതോറും ലസഫിക് സമുദ്രത്തിലെ ചൂട് ഗണ്യമായി വര്‍ദ്ധിക്കുന്ന പ്രതിഭാസമാണ് എല്‍ ‌നിനോ. ആഗോള തലത്തില്‍ തന്നെ കാലാവസ്ഥയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാണ് എല്‍‌ നിനൊ പ്രതിഭാസം. ഇന്ത്യയിലേക്കുള്ള മണ്‍സൂണ്‍ കാറ്റിനെ കുറയ്ക്കാനോ, പൂര്‍ണമായും തടയാനൊ എല്‍ നിനോയ്ക്ക് സാധിക്കുമെന്നതിനാല്‍ പുതിയ പ്രവചനത്തെ രാജ്യം ഗൌരവത്തൊടെയാണ് വീക്ഷിക്കുന്നത്.

വേനല്‍ മഴ കിട്ടിയതില്‍ ആശ്വാസം കണ്ടെത്തുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക്‌ എല്‍നിനോ ദുരിതം വിതയ്‌ക്കുമെന്നാണ്‌ ഗവേഷകരുടെ വിലയിരുത്തല്‍. ഈ പ്രത്യേക പ്രതിഭാസം ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റിക്കുന്നതിനൊപ്പം ചൂടു കൂടിയ കാലാവസ്‌ഥ രൂപപ്പെടുത്തുന്നതിനും ഇടയാക്കും. ഇത്‌ രാജ്യത്തെ വരള്‍ച്ചയുടെ പിടിയിലാക്കുകയും കാട്ടു തീ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക്‌ രാജ്യം സാക്ഷിയാകേണ്ടി വരുമെന്നും ശാസ്‌ത്ര ലോകം മുന്നറിയിപ്പ്‌ നല്‍കുന്നു.

എല്‍ നിനോ ശാന്തസമുദ്രത്തില്‍ തീര്‍ക്കുന്ന ശക്തമായ ചൂട് ചിലയിടങ്ങളില്‍ കനത്ത പേമാരിയും പ്രളയവും ഉണ്ടാക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍‌ നിനൊ ശക്തിപ്രാപിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യ്ത്തില്‍ ഇന്ത്യയ്ക്ക് ഏറെ പേടിക്കേണ്ടതുണ്ട്. രാജ്യത്ത് ചൂട് കൂടാനും മഴ കുറയാനും കാരണമാകുന്നതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചേ മതിയാകു.

സാധാരണ ക്രിസ്‌മസ്‌ കാലത്താണ്‌ എല്‍നിനോ ശക്‌തി പ്രാപിക്കുക. ഈ കാരണംകൊണ്ടു 'ഉണ്ണിയേശു' അഥവാ 'ചെറിയ കുട്ടി' എന്നര്‍ഥം വരുന്ന 'എല്‍നിനോ' എന്ന്‌ പേരു നല്‍കിയത്‌ പെറുവിലെ മുക്കുവരാണ്‌. 19-ാം നൂറ്റാണ്ടിലാണ്‌ ഏല്‍നിനോയ്‌ക്ക് ഈ പേരു കിട്ടിയതെന്നും കരുതപ്പെടുന്നു. ഇനിയും വിശദമായി പഠിക്കാന്‍ കഴിയാത്ത ഈ പ്രതിഭാസത്തെ നേരിടുക എന്നതിലുപരി മറ്റു വഴികള്‍ ഒന്നുംതന്നെയില്ലെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :