ന്യൂഡല്‍ഹി|
Last Modified വ്യാഴം, 20 നവംബര്‍ 2014 (09:29 IST)
രാജ്യത്ത് ഒരാള്‍ക്ക് എബോള ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 24 വിമാനത്താവളങ്ങളില്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. ഡല്‍ഹി വിമാനത്താവളത്തിലേതിന് സമാനമായ പരിശോധന സംവിധാനമാണ് ഏര്‍പ്പെടുത്തുക. എബോളയുടെ കാര്യത്തില്‍ ഇന്ത്യയിലെ സാഹചര്യം പരിപൂര്‍ണ നിയന്ത്രണത്തിലാണെന്ന് മന്ത്രി പറഞ്ഞു.
നവംബര്‍ പത്തിന് ലൈബീരിയയില്‍ നിന്നെത്തിയ ഇരുപത്തിയാറുകാരനിലാണ് എബോള വൈറസ് കണ്ടെത്തിയത്. രോഗം ഭേദപ്പെട്ട ഇയാളുടെ ശരീരദ്രവത്തില്‍ രോഗാണു ഇപ്പോഴുമുള്ളതിനാല്‍ ഡല്‍ഹി വിമാനത്താവളത്തിലെ പ്രത്യേകകേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്.
രോഗാണു കണ്ടെത്തിയത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടിയ 'അതിജാഗ്രത'യുടെ ഫലമാണെന്ന് നഡ്ഡ പറഞ്ഞു.
ലൈബീരിയ അധികൃതരില്‍ നിന്ന് രോഗം ഭേദമായെന്ന യോഗ്യതാപത്രവുമായെത്തിയ ഇയാളുടെ രക്തത്തില്‍ രോഗാണുവില്ലെന്ന് കണ്ടെത്തിയിട്ടും മറ്റ് ശരീരദ്രവങ്ങള്‍ പരിശോധിച്ചത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ യാത്രാവിവരങ്ങളും രോഗവിവരങ്ങളും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.