എബോള ബാധ ഇന്ത്യയില്‍; ഡല്‍ഹിയില്‍ യുവാവിന് വൈറസ്‌ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (08:30 IST)
എബോള വൈറസ്‌ ബാധ ഇന്തയില്‍. ഡല്‍ഹിയില്‍ ഒരു യുവാവില്‍ എബോള വൈറസ്‌ സ്ഥിരീകരിച്ചു. കടുത്ത എബോള ഭീഷണി നേരിടുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന്‌ മടങ്ങിയെത്തിയ 26കാരനായ യുവാവിലാണ്‌ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചത്‌. ഇയാളെ വിമാനത്താവളത്തിനടുത്തുളള പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി. അതേസമയം രോഗബാധയെ കുറിച്ച്‌ പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ലെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗബാധിതനായ യുവാവ്‌ ഈ മാസം 10 ന്‌ ആണ്‌ ലൈബീരിയയില്‍ നിന്ന്‌ മടങ്ങിയെത്തിയത്‌. ഇയാളുടെ പക്കല്‍ രോഗം ഭേദമായെന്ന സാക്ഷ്യപത്രമുണ്ടായിരുന്നു. തുടര്‍ന്ന്‌ മുന്‍കരുതല്‍ എന്ന നിലയില്‍ നടത്തിയ രക്‌ത പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടിരുന്നില്ല. എന്നാല്‍ ബീജപരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യ വ്യക്തമായത്.

രോഗം ഭേദമായാലും മൂന്നുമാസം വരെ ശരീരദ്രവങ്ങളിലുടെ മറ്റുളളവര്‍ക്ക്‌ വൈറസ്‌ബാധ ഉണ്ടായേക്കാം. അതിനാലാണ്‌ യുവാവിനെ മുന്‍കരുതലെന്ന നിലയില്‍ ചികിത്സാകേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. ഇയാള്‍ സെപ്‌റ്റംബര്‍ 11 മുതല്‍ 30 വരെ ലൈബീരിയയില്‍ ചികിത്സയിലായിരുന്നു.
എയിഡ്‌സിനെക്കാള്‍ മാരകമെന്ന്‌ കരുതുന്ന എബോള ബാധിച്ച്‌ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 5,200 പേരും യു എസില്‍ രണ്ടു പേരും മരിച്ചിരുന്നു‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :