ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (11:25 IST)
എബോള രോഗ ലക്ഷണങ്ങളുമായെത്തിയ മൂന്നു പേരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്കു മാറ്റി. എബോള വൈറസ് ബാധയുള്ള ലൈബീരിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ 112 പേരില്‍ ഉള്‍പ്പെടുന്നവരാണിവര്‍. എന്നാല്‍ ഇവര്‍ക്ക് എബോള ബാധയുണ്ടോയെന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.
ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ക്ക് പരിശോധനയ്ക്കും മറ്റുമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജും പ്രത്യേകമായി പരിശോധിക്കും. അണുവിമുക്തമാക്കുകയും ചെയ്യും.
രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ ഉടന്‍ തന്നെ പോകാന്‍ അനുവദിക്കും. വൈറസിന്റെ ലക്ഷണങ്ങളെന്നു സംശയമുള്ളവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ആശുപത്രിയിലേക്കു കൊണ്ടുപോകും. യാത്രക്കാരെ എല്ലാവരെയും തന്നെ വിമാനം ഇറങ്ങിയിട്ടുള്ള ലൈബീരിയ, ദക്ഷിണാഫ്രിക്ക, യുഎഇ, ഇത്യോപ്യ എന്നീ രാജ്യങ്ങളില്‍ പരിശോധിച്ചിരുന്നു.
എത്യോപ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വെയ്സ്, ജെറ്റ് എയര്‍വെയ്സ്, സൌത്ത് ആഫ്രിക്കന്‍ എയര്‍വെയ്സ് എന്നീ വിമാനക്കമ്പനികളാണ് എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലേക്കു സര്‍വീസ് നടത്തുന്നത്.