കുടിവെള്ളമില്ലെന്ന് പരാതി പറഞ്ഞെത്തിയ ഡല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശാസന

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (15:49 IST)
ഡല്‍ഹിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എത്തിയ ആം ആദ്‌മി സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശാസന. കോടതിയില്‍ എത്തിയ മന്ത്രിക്കും കോടതിയുടെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. കുടിവെള്ളം നിലച്ച സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ മന്ത്രി കപില്‍ മിശ്ര എന്തിനാണ് കോടതിയില്‍ കുത്തിരിക്കുന്നതെന്ന് ആയിരുന്നു കോടതിയുടെ ചോദ്യം.

ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് വെള്ളമെത്തിക്കുന്ന സംവിധാനങ്ങള്‍ തകരാറിലായത്. ഡല്‍ഹിയിലേക്ക് ശുദ്ധജലം എത്തിക്കുന്ന മുനാക് കനാല്‍ പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പരാതിയുമായി കോടതിയില്‍ എത്തിയത്.

എന്നാല്‍, ഹരിയാന സര്‍ക്കാരുമായി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ കോടതിയില്‍ എത്തിയതെന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതിയില്‍ ഉണ്ടായിരുന്ന മന്ത്രി കപില്‍ മിശ്രയോടും രോഷം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ ഹരിയാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :