ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയില്ല, സത്യവാങ്‌മൂലവുമായി ബിസിസിഐ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (16:16 IST)
രാജ്യത്തെ ക്രിക്കറ്റ് രംഗത്ത് വന്‍ അഴിച്ചുപണികള്‍ക്കു കാരണമായേക്കാവുന്ന ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയിലേക്ക്. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍
നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് ബി സി സി ഐയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ബി സി സി ഐ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കും.

ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ എന്ത് തീരുമാനമെടുത്തു എന്ന്സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ബി സി സി ഐ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. മാര്‍ച്ച് മൂന്നിന് മുമ്പ് ബിസിസിഐ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു യോഗം.

ബിസിസിഐയുടെ പ്രവര്‍ത്തന കാലാവധി ഒന്‍പതു വര്‍ഷമാക്കുക,ബി സി സി ഐയ്ക്കും ഐ പി എല്ലിനും പ്രത്യേകം ഭരണസമിതികള്‍ വേണം, 70 വയസു കഴിഞ്ഞവരെ പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിക്കരുത്, ബിസിസിഐ ഭരണസമിതിയില്‍ നിന്നു കേന്ദ്രമന്ത്രിമാരെയും ഐഎഎസ്, ഐപിഎസ് അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഒഴിവാക്കുക, ഒരു സംസ്ഥാനത്തിന് ഒരു ക്രിക്കറ്റ് അസോസിയേഷന്‍ മാത്രം, വോട്ടവകാശം ഒരു കമ്മിറ്റിക്കു മാത്രമായി ചുരുക്കുക, പ്രോക്സി വോട്ടിംഗ് പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോധ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്.

ഐ പി എല്‍ വാതുവെയ്‌പും ഒത്തുകളിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :