വാഹനാപകടക്കേസ്: ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (15:41 IST)
റോഡരികില്‍ ഉറങ്ങുകയായിരുന്ന ആളുകളുടെയിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ഒരാള്‍ മരിച്ച സംഭവത്തില്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ, മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സല്‍മാന് നോട്ടീസ് അയച്ചിരിക്കുന്നത്.

മഹാരാഷ്‌ട്ര സര്‍ക്കാരിനെ കൂടാതെ അപകടത്തില്‍ പരുക്കേറ്റ വ്യക്തിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 2002ല്‍ ആയിരുന്നു കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.

2002 സെപ്തംബര്‍ 28ന് മുംബൈയില്‍ സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച ലാന്‍ഡ്​ ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ ഉറങ്ങുന്നവരുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കേസില്‍ സല്‍മാന്‍ ഖാനെ വിചാരണകോടതി ശിക്ഷിച്ചെങ്കിലും ബോംബെ ഹൈക്കോടതി നിരുപാധികം വിട്ടയക്കുകയായിരുന്നു.

അപകടം നടക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. കാറോടിച്ചത് സല്‍മാനാണ് എന്നതിന് തെളിവില്ലെന്നും ഒരേയൊരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് സല്‍മാനെ വിചാരണ കോടതി ശിക്ഷിച്ചതെന്നും സല്‍മാനു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :