ബാംഗ്ലൂര്‍|
Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (13:45 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതി വിധിപ്രഖ്യാപനം മൂന്ന് മണിക്ക് ഉണ്ടാകും. നേരത്തെ ഒരു മണിക്ക് വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയം നീട്ടുകയായിരുന്നു.
പതിനെട്ടുകൊല്ലം നീണ്ട നിയമയുദ്ധമാണിത്. വിധിപ്രഖ്യാപനം കര്‍ണാടകത്തില്‍നിന്നു മാറ്റാന്‍ ജയലളിത സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. വിധി എതിരായാല്‍ ജയലളിതക്ക് മുഖ്യമന്ത്രി പദം നഷ്ടമാകും.
സിറ്റി സിവില്‍ കോടതി സമുച്ചയത്തിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നതെങ്കിലും സുരക്ഷ കണക്കിലെടുത്ത് വിധിപ്രഖ്യാപനം
പരപ്പന അഗ്രഹാര ജയിലിനടുത്തേക്ക് മാറ്റുകയാണുണ്ടായത്. ഇവിടുത്തെ ഗാന്ധിഭവനിലാണ് ശനിയാഴ്ച പ്രത്യേക കോടതി പ്രവര്‍ത്തിക്കുക.
കര്‍ണാടക പോലീസും തമിഴ്‌നാട് പോലീസും ചേര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍നിന്ന് വിമാനത്തിലാണ് ജയലളിത എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ജയിലിനടുത്തുള്ള ഹെലിപ്പാഡില്‍ ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതിന് വിപരീതമായി റോഡ് മാര്‍ഗമാണ് ജയലളിത കോടതിയില്‍ എത്തിയത്.
ജയലളിതയുടെ തോഴി ശശികല, ഇവരുടെ ബന്ധുക്കളായ സുധാകരന്‍, ഇളവരശി എന്നിവരും കേസിലെ പ്രതികളാണ്. ഇവരും ജയലളിതയോടൊപ്പം ഹാജരായിട്ടുണ്ട്.
ആദ്യ തവണ (1991-96) മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ജയലളിത 66.55 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. തമിഴ്‌നാട്ടില്‍ നിഷ്പക്ഷമായ വിചാരണ നടക്കില്ലെന്നു കാണിച്ച് ഡിഎംകെ നേതാവ് അന്‍പഴകന്‍ ഹര്‍ജി കൊടുത്തിരുന്നു. തുടര്‍ന്നു സുപ്രീം കോടതി വിചാരണ നടപടിക്രമങ്ങള്‍ ചെന്നൈയില്‍നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.