നോട്ട് പിന്‍വലിച്ചത് അറിഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി ഞെട്ടി; സഹായത്തിനായി ഉടന്‍ തന്നെ നരേന്ദ്ര മോഡിയെ വിളിച്ചു; നേപ്പാളില്‍ ലക്ഷക്കണക്കിന് നിരോധിച്ച ഇന്ത്യന്‍ കറന്‍സി

നോട്ടു പിന്‍വലിച്ചതറിഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിച്ചു

കാഠ്‌മണ്ഡു| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (17:35 IST)
ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് അറിഞ്ഞ് നേപ്പാളില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വിളിയെത്തി. നേപ്പാള്‍ സ്വദേശികളുടെ കൈയില്‍ വ്യാപകമായി നിരോധിച്ച ഇന്ത്യന്‍ കറന്‍സി ഉണ്ടെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഒരു പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് നേപ്പാള്‍ പ്രധാനമന്ത്രി മോഡിയെ വിളിച്ചത്.

ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള സംഭാഷണം അഞ്ചു മിനിറ്റോളം നീണ്ടുനിന്നു. നിലവില്‍ സമ്പദ്‌വ്യവസ്ഥയില്‍ അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ വലിയ ശേഖരം നേപ്പാള്‍ സ്വദേശികളുടെ കൈയില്‍ ഉണ്ട്. ഇന്ത്യയില്‍ ദിവസ വരുമാനത്തിന് പണിയെടുക്കുന്ന നേപ്പാളികള്‍, ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ എന്നിവരുടെ കൈവശം വലിയ തോതില്‍ അസാധുവാക്കപ്പെട്ട ഇന്ത്യന്‍ കറന്‍സി ഉണ്ടെന്ന് കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ, ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിനായി എത്തിയവരുടെ കൈയിലും അതിര്‍ത്തിയില്‍ വ്യാപാരം നടത്തുന്നവരുടെ കൈയിലും ഇന്ത്യന്‍ കറന്‍സി ഉണ്ട്. നിയമപരമായ ആവശ്യങ്ങള്‍ക്ക് പോലും പണമെടുക്കാത്ത സാഹചര്യം ഉണ്ടായാല്‍ ഇവരുടെ കൈവശമുള്ള കറന്‍സി നഷ്‌ടമാകുന്ന സാഹചര്യം ഉണ്ടാകും. ഈ പശ്ചാത്തലത്തില്‍ കൈവശമുള്ള നോട്ടുകള്‍ മാറാന്‍ നേപ്പാളികള്‍ക്ക് നേപ്പാളില്‍ തന്നെ സൌകര്യമൊരുക്കണമെന്ന് പ്രചണ്ഡ മോഡിയോട് ആവശ്യപ്പെട്ടു. പ്രചണ്ഡയുടെ വെബ്‌സൈറ്റില്‍ ആണ് ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ഇക്കാര്യം അടിയന്തരമായി പരിഗണിക്കുമെന്നും പ്രശ്നം പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കാന്‍ പറ്റുമെന്നത് സംബന്ധിച്ച് നേപ്പാള്‍ ധനകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ധനകാര്യമന്ത്രിക്ക് നിര്‍ദ്ദേശം നല്കാമെന്നും മറുപടിയായി മോഡി പ്രചണ്ഡയെ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് നേപ്പാള്‍ രാഷ്‌ട്ര ബാങ്ക്, ദ സെന്‍ട്രല്‍ ബാങ്ക് എന്നിവയും ഇന്ത്യയില്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :