മുംബൈ|
jibin|
Last Modified തിങ്കള്‍, 16 ജനുവരി 2017 (15:11 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനരോക്ഷം ശക്തമായതിന് പിന്നാലെ സൗജന്യ എടിഎം ഇടപാടുകൾ മാസത്തിൽ മൂന്നു തവണയായി കുറയ്‌ക്കാന്‍ നീക്കം. എടിഎം ഇടപാടുകൾ കുറച്ചില്ലെങ്കില്‍ നിലവിലെ സാഹചര്യം മറികടക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബാങ്കുകള്‍ ആവശ്യപ്പെട്ടു.
എടിഎമ്മുകളില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ക്കകം പണം തീരുന്ന സാഹചര്യമുള്ളതിനാല്‍ ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ബാങ്കുകള്‍ നേരിടുന്നത്. രാജ്യത്തെ മിക്ക എടിഎമ്മുകളും അടഞ്ഞു കിടക്കുകയുമാണ്. ഈ സാഹചര്യം മനസിലാക്കി ജനരോക്ഷം കേന്ദ്രസര്‍ക്കാരിലേക്ക് വഴി തിരിച്ചു വിടാനാണ് ബാങ്കുകള്‍ ഇപ്പോള്‍ പദ്ധതികളൊരുക്കുന്നത്.
ഡിജിറ്റൽ ഇടപാടുകളിലേക്ക് ജനങ്ങളെ എത്തിക്കാന്‍ എടിഎം ഇടപാടുകൾ കുറച്ചാല്‍ സഹായമാകുമെന്നും സാഹചര്യം മാറിയതിനാല്‍ ജനങ്ങൾ ഡിജിറ്റലാകുന്നതിന് നിർബന്ധിതരാകുമെന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.
നിലവിൽ അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് ഉള്ളത്. കൂടുതലായുള്ള ഓരോ ഇടപാടിനും 20 - 23 രൂപ സർവീസ് ചാർജായും ഈടാക്കുന്നുണ്ട്.