ന്യൂഡല്‍ഹി|
Sajith|
Last Modified ശനി, 16 ജനുവരി 2016 (16:40 IST)
ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. ആറുമുതല്‍ പത്തുവരെ ഭീകരരാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു ഐ ബി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് രാജ്യത്തെ പ്രധാനകേന്ദ്രങ്ങള്‍ക്ക് അതീവ സുരക്ഷ ഉറപ്പാക്കാനും യോഗം നിര്‍ദ്ദേശം നല്കി.
വിമാനത്താവളങ്ങള്‍, കമ്പോളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയസുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹര്‍ഷി,പ്രതിരോധസെക്രട്ടറി ജി മോഹന്‍കുമാര്‍ എന്നിവര്‍ക്കൊപ്പം ഐ ബി
മേധാവി, എന്‍ ഐ എ, എന്‍ എസ് ജി, റോ എന്നിവയുടെ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.
പത്താന്‍കോട്ട് ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ആഭ്യന്തരസുരക്ഷയുടെ അവസ്ഥയും ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം ചേര്‍ന്നത്. പത്താന്‍കോട്ട് ആക്രമണം നടന്നതിനു ശേഷവും അതിര്‍ത്തി കടന്നുള്ള ഭീകരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പതിനഞ്ചു ഭീകരരാണ് അതിര്‍ത്തി കടന്നിരിക്കുന്നത് എന്നാണ് പഞ്ചാബ് പൊലീസിന്റെ വിലയിരുത്തല്‍.
ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, അത് നേരിടാനുള്ള സന്നാഹങ്ങളും സുരക്ഷാ സംവിധാനങ്ങളും സാങ്കേതികസാമഗ്രികളും ശക്തമാക്കണമെന്ന് യോഗം വിലയിരുത്തി. സായുധസേന, അര്‍ധസൈനികവിഭാഗം, പൊലീസ് എന്നിവയുടെ പ്രശ്‌നബാധിത സ്റ്റേഷനുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തി എത്രയും വേഗം സ്ഥിതിവിവരങ്ങള്‍ ശേഖരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
തീരുമാനങ്ങളെടുക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും സമയബന്ധിതമായി നടപടികളുണ്ടാകണമെന്നും ഭീകരാക്രമണ ഭീഷണിയെക്കുറിച്ചുള്ള മുന്‍കൂര്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാകരുതെന്നും യോഗം അഭിപ്രായപ്പെട്ടു. പഠാന്‍കോട്ട്
ആക്രമണത്തെ സമയോചിതമായി നേരിട്ട സൈന്യത്തെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
വിമാനത്താവളങ്ങളില്‍ റാഞ്ചല്‍ഭീഷണി നിലനില്‍ക്കുന്നതിനാല്‍, സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ക്ക് രണ്ടു തവണ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തും. ഭീഷണി കണക്കിലെടുത്ത് ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ സുരക്ഷ ശക്തമാക്കന്‍ ഡല്‍ഹിയില്‍ പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കും. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലും പരിസരങ്ങളിലും അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പത്താന്‍കോട്ട് സംഭവത്തിനു സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ അപ്പോഴപ്പോള്‍ നല്കാന്‍ കഴിയുന്ന സംവിധാനമുണ്ടാകുമെന്നും സൈനിക വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും യോഗം തീരുമാനിച്ചു.