ലോക്ക്ഡൗണ്‍ പ്രഖ്യാപനം, തൊട്ടുപിന്നാലെ മദ്യം വാങ്ങാന്‍ നീണ്ടനിര; സാമൂഹിക അകലമില്ല

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (16:03 IST)

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വന്‍ തിരക്ക്. ഇന്ന് രാത്രി പത്ത് മുതലാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നിലവില്‍വരിക. മദ്യഷോപ്പുകള്‍ അടക്കം അടച്ചിടേണ്ടിവരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂ. ആറ് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഡല്‍ഹിയിലെ മദ്യഷോപ്പുകളില്‍ നീണ്ട വരികള്‍ പ്രത്യക്ഷപ്പെട്ടു. ഖാന്‍ മാര്‍ക്കറ്റ് അടക്കമുള്ള പ്രധാന സ്ഥലങ്ങളില്‍ മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട നീണ്ട ക്യൂവിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു. വാക്‌സിന്‍ കുത്തിവയ്‌പ്പോ മറ്റ് മരുന്നുകളോ കോവിഡ് രോഗത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കില്ലെന്നും എന്നാല്‍, മദ്യത്തിനു അത് സാധിക്കുമെന്നും മദ്യഷോപ്പില്‍ നില്‍ക്കുന്ന ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തിക്കിലും തിരക്കിലും നിന്ന് മദ്യം വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മധ്യവയസ്‌കയായ ഈ സ്ത്രീ. സാമൂഹിക അകലം പാലിക്കാതെയാണ് മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ വലിയ തിക്കും തിരക്കും.



ഏപ്രില്‍ 26 പുലര്‍ച്ചെ അഞ്ച് വരെയാണ് ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നലെ മാത്രം കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയുടെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഏറ്റവും മോശം അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നേരിടാന്‍ പോകുന്നത് വന്‍ ദുരന്തത്തെയാണെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :