ഡല്‍ഹിയില്‍ വീണ്ടും ശീതസമരം, കെജ്‌രിവാളിനെ അനുസരിക്കേണ്ടെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (16:53 IST)
ഡല്‍ഹിയില്‍ സര്‍ക്കാരും ലെഫ്‌. ഗവര്‍ണറും തമ്മിലുള്ള ശീതസമരം വീണ്ടും മൂര്‍ഛിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഡല്‍ഹി സര്‍ക്കാരോ, മുഖ്യമന്ത്രി കെജ്രിവളോ, ആം ആദ്മി പാര്‍ട്ടിയോ നല്‍കുന്ന ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ പാലിക്കരുതെന്നാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് നല്‍കിയിര്‍4ഇക്കുന്ന നിര്‍ദ്ദേശം. നിര്‍ദേശം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ്‌ നിര്‍ദേശത്തില്‍ മുന്നറിയിപ്പുണ്ട്‌.

ഭരണഘടനയുടെ അടിസ്‌ഥാനത്തില്‍ ഡല്‍ഹിക്ക്‌ സ്വയംഭരണാവകാശം ലഭിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഈ
നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഐ.എ.എസ്‌, ഡി.എ.എന്‍.ഐ.സി.എസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ജുംഗ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. നിര്‍ദേശം അവഗണിച്ച്‌ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവുകള്‍ അംഗീകരിച്ചാല്‍ അച്ചടക്ക നടപടിക്ക്‌ പുറമെ, നടപടിയിലൂടെ സര്‍ക്കാരനുണ്ടാകുന്ന സാമ്പത്തിക നഷ്‌ടവും ഉദ്യോഗസ്‌ഥരില്‍നിന്ന്‌ ഈടാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഡല്‍ഹിയുടെ അധികാരച്ചുമതലയുള്ള കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമായ നിലപാട്‌ സര്‍ക്കാര്‍ ജീവനക്കാര്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. ഡല്‍ഹി സര്‍ക്കാരിന്റെയോ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ നിര്‍ദേശങ്ങളുണ്ടായാല്‍പോലും ഇത്തരം കാര്യങ്ങളില്‍ ജീവനക്കാര്‍ ഇടപെടാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. അധികാരത്തര്‍ക്കം കുറച്ചുനാളായി ശമിച്ചിരുന്നതിന്‌ പിന്നാലെയാണ്‌ പുതിയ സംഭവ വികാസങ്ങള്‍. ഇതോടെ ഡല്‍ഹിയില്‍ വീണ്ടും പരസ്യമായ വാക്‍പോര്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :