ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (12:37 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സി ഐ ടി യു അഖിലേന്ത്യ പ്രസിഡന്റും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ എ കെ പത്മനാഭന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം സംഘടനാനേതൃത്വം പരിശോധിക്കും. പ്രശ്നങ്ങളും കുറവുകളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരം നടത്തിയപ്പോള്‍ പൊതുസമൂഹം കൂടെ നിന്നെന്നും അതാണ് സമരം വിജയിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൂന്നാര്‍ രീതിയിലുള്ള സമരങ്ങള്‍ക്ക് മാത്രമേ ഭാവിയുള്ളൂവെന്ന വാദം ശരിയല്ല. തൊഴിലാളി സമരങ്ങള്‍ സംഘടനയില്ലാതെ പൂര്‍ണ വിജയത്തില്‍ എത്തില്ല. തൊഴിലാളികളെ അരാഷ്ര്ടീയവത്കരിക്കാനും ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ മൂന്നാര്‍ സമര വിജയത്തിന്റെ മറവില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.