ന്യൂഡല്‍ഹി|
ജെയിംസ് മാത്യൂ|
Last Updated:
വെള്ളി, 6 ഫെബ്രുവരി 2015 (15:46 IST)
'' ഇത് ഹിന്ദു രാഷ്‌ട്രമാണ് ഇവിടെ മറ്റ് മതക്കാര്‍ വേണ്ട '' ഇന്ന് ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിനിടിയില്‍ ഒരു പൊലീസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞ വാക്കുകളാണ് ഇത്. മതത്തിലൂന്നിയുള്ള വിശ്വാസവും ആചാരങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്ന രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകള്‍ ഇന്ത്യയുടെ ഭരണഘടനയോടുള്ള മുഖം തിരിക്കലാണ്.
ഒരു ലക്ഷത്തി മുപ്പതിനായിരത്തി മുന്നൂറ്റി പത്തൊമ്പത് ക്രിസ്ത്യാനികള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നാണ് 2001ലെ സെന്‍സെക്‍സ് വ്യക്തമാക്കുന്നത്. മറ്റ് മതവിശ്വാസികളെ അപേക്ഷിച്ച് വളരെ കുറവാണ് ഈ സംഖ്യ. വിശ്വാസികളുടെ എണ്ണം കുറവായ സാഹചര്യത്തില്‍ ദേവാലയങ്ങളുടെ എണ്ണവും കറവാണ്. ഗോള്‍ഡാഖാന കത്തീഡ്രല്‍ പള്ളി, ഫത്തിമമാത ചര്‍ച്ച് ജസോള ഓഖ്‌ല, സെന്റ് മാത്യൂസ് ചര്‍ച്ച് ലക്ഷ്‌മി നഗര്‍ , സെന്റ് സെബാസ്ത്യന്‍സ് ചര്‍ച്ച് ദില്‍ഷാദ് ഗാര്‍ഡന്‍ ,ചര്‍ച്ച് ഓഫ് അസംപ്ഷന്‍ മയൂര്‍ വിഹാര്‍ , സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് വസന്ത് കുഞ്ജ്, ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് പാലം, നിര്‍മ്മല്‍ ഹൃദയ് ചര്‍ച്ച് ടാഗോര്‍ ഗാര്‍ഡന്‍ , സെന്റ് എഫ്രേം ചര്‍ച്ച് വികാസ് പുരി, ഫ്രാന്‍സിസ് അസിസി പാരിഷ് ദില്‍ഷാദ് ഗാര്‍ഡന്‍ , ഹോളിഫാമിലി ചര്‍ച്ച് പുഷ്‌പവിഹാര്‍ എന്നിവിടങ്ങളാണ് ഡല്‍ഹിയിലെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന ആരാധന കേന്ദ്രങ്ങള്‍ . എന്നാല്‍ കഴിഞ്ഞ രണ്ടുമാസങ്ങളിലായി ക്രിസ്‌ത്യന്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പതിവായി ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു, തീ വെച്ച് നശിപ്പിക്കുന്നു, വാതിലുകളും രൂപങ്ങളും തകര്‍ക്കപ്പെടുന്നു, അള്‍ത്താരയില്‍ നിന്ന് തിരുവോസ്‌തി കടത്തിക്കൊണ്ടു പോകുന്നു. ഇത്രയും ആക്രമങ്ങള്‍ നടന്നിട്ടും രണ്ടുപേരെ മാത്രമാണ് പൊലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചത്.
വസന്ത് കുഞ്ച് അല്‍ഫോന്‍സ ദേവാലയത്തിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്. അക്രമികള്‍ സക്രാരിയില്‍ നിന്ന് തിരുവോസ്തികള്‍ എടുത്തുകൊണ്ട് പോയിരുന്നു. ദേവാലയത്തിന്റെ മുന്‍വാതില്‍ തകര്‍ത്തു. അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചിരിക്കുന്ന സക്രാരി കുത്തിത്തുറന്ന് തിരുവോസ്തികള്‍ പുറത്തിട്ടു. ഡിസംബര്‍ ഒന്നിന് ദില്‍ഷാദ് ഗാര്‍ഡന്‍ പള്ളി കത്തിയതുള്‍പ്പെടെ ഇത് അഞ്ചു തവണയാണ് രണ്ടു മാസത്തിനിടെ രാജ്യതലസ്ഥാനത്ത് ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
ഒരു വിശ്വാസത്തെയും ആരാധനയെയും ചവിട്ടിമെതിക്കുന്ന രീതികള്‍ ആവര്‍ത്തിച്ചിട്ടും പൊലീസോ ഭരിക്കുന്ന സര്‍ക്കാരോ ഒരു നടപടിയും എടുത്തില്ല. താമരപ്പൂവിന്റെ സുഗന്ധത്തില്‍ വിരാജിക്കുന്ന ചിലര്‍ ഇന്ന് മയക്കത്തിലാണ്. എന്നാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ക്രൂരത ക്രിസ്ത്യന്‍ മനസുകളെ വ്രണപ്പെടുത്തുന്നതാണ്.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി അഞ്ചു ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്ക് വിശ്വാസികള്‍ മാര്‍ച്ച് നടത്തിയത്. എന്നാല്‍ ആയിരക്കണക്കിന് വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഗോള്‍ഡാഖാന പള്ളിക്ക് സമീപത്ത് വെച്ച് വിശ്വാസികളെ തടഞ്ഞു. അഞ്ഞൂറോളം വരുന്ന വിശ്വാസികളെ നേരിടാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നത് ആയിരത്തിലധികം പൊലീസുകാരെ. പൊലീസും സര്‍ക്കാരും ആരെയാണ് ഭയക്കുന്നത് ക്രിസ്ത്യാനിയെയോ അതോ അവന്റെ വിശ്വാസത്തെയോ. ക്രിസ്‌ത്യന്‍ ദേവലയങ്ങളുടെ വാതില്‍ എപ്പോഴും തുറന്നാണ് കിടക്കുന്നത്. എന്നാല്‍ ആരെയും ആ വാതിലിലൂടെ ഘര്‍വാപസി നടത്താറില്ല എന്ന് അധികാരികള്‍ മനസിലാക്കണം. നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തില്‍ ആരും ആരെയും ഭയക്കാറില്ല. തങ്ങളുടെ വിശ്വാസങ്ങളെ കീറിമുറിക്കുന്ന സംഭവങ്ങള്‍ നടക്കുമ്പോഴും കാണുമ്പോഴും അടുത്ത ദിവസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ആര്‍ക്കും മനസിലാക്കാവുന്നതാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.