'ഏറ്റവും ശക്‌തനായ പ്രധാനമന്ത്രിയായിരിക്കും മോഡി'

ആറന്മുള| Last Modified വ്യാഴം, 22 മെയ് 2014 (09:36 IST)
ഇന്ത്യ കണ്ടതില്‍ വച്ച്‌ ഏറ്റവും ശക്‌തനായ പ്രധാനമന്ത്രിയായിരിക്കും മോഡിയെന്ന് സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്. 1947 മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലൂടെ കടന്നുപോയ മഹാരഥന്മാര്‍ക്ക്‌ പാദനമസ്‌കാരം ചെയ്‌തുകൊണ്ടു പ്രധാനമന്ത്രിയായ വ്യക്‌തിയാണു നരേന്ദ്ര മോഡി. പാര്‍ലമെന്റില്‍ കയറുംമുമ്പു തലകുമ്പിട്ട നടപടി തികച്ചും ഭാരതീയമാണെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ നൂറാം ദിന സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ വികാരങ്ങളെ മാനിക്കുന്ന വ്യക്‌തിയാണ് നരേന്ദ്ര മോഡിയെന്നും അതിനാല്‍ ജനങ്ങളെ കുടിയിറക്കിയുള്ള ആറന്മുള വിമാനത്താവള പദ്ധതിക്കു കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ അനുമതികളും ഉടന്‍തന്നെ ബിജെപി സര്‍ക്കാര്‍ റദ്ദുചെയ്യുമെന്നാണു വിശ്വാസമെന്നും ജോര്‍ജ്‌ പറഞ്ഞു. കോട്ടയത്ത്‌ താന്‍ മോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട്‌ ഉയര്‍ത്തി കാണിച്ചതിന്റെ പേരില്‍ കുതിരകയറാന്‍ വന്നവര്‍ നിരനിരയായി മോഡിയെ കാണാന്‍ പോകും.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്‌ഥാന മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കാണേണ്ടത്‌ അത്യാവശ്യമാണ്‌. അഞ്ചരലക്ഷം വോട്ട്‌ നേടി വിജയിച്ച മോഡി തികച്ചും ജനകീയനാണ്‌. അദ്ദേഹത്തിന്‌ കിട്ടിയ മൂന്ന്‌ ലക്ഷത്തിലധികം വോട്ടുകളും പാര്‍ട്ടി ഇതരവോട്ടുകളാണ്‌.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനാണ്‌ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ നീക്കം എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുമെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. ശബരിമല വികസനത്തിനുവേണ്ടതു വിമാനത്താവളമല്ല. ശബരി റയില്‍വേയുടേയും പമ്പയുടേയും എരുമേലിയുടേയും വികസനമാണ്‌.

ആറന്മുളയില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നവര്‍ ഏത്‌ അധികാര ശക്‌തിയേയും വിലയ്‌ക്കെടുക്കാന്‍ കഴിവുള്ളവരാണെന്നുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു സമരം നയിക്കുകയാണ്‌ വേണ്ടത്‌. 600 കിലോമീറ്റര്‍ നീളമുള്ള കേരളത്തില്‍ നാല്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആവശ്യമില്ലെന്നും ശബരിമലയുടെ പേരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആറന്‍മുളയിലെ വിമാനത്താവളം അനാവശ്യമെന്നും പിസി ജോര്‍ജ്‌ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :