ദസറ ആഘോഷത്തിനിടെ തിരക്കിനടിയില്‍ പെട്ട് ബീഹാറില്‍ 33 പേര്‍ മരിച്ചു

പട്‌ന| VISHNU.NL| Last Updated: ശനി, 4 ഒക്‌ടോബര്‍ 2014 (15:47 IST)
ആഘോഷങ്ങള്‍ക്കിടെ തിക്കിലുംതിരക്കിലും പെട്ട് ബീഹാറില്‍ 33 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 26 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 25 പേര്‍ സ്ത്രീകളാണ്. അഞ്ച് പേര്‍ കുട്ടികളും. പട്‌നയിലെ ഗാന്ധി മൈതാനത്തില്‍ നടന്ന ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിയവരാണ് ദുരന്തത്തില്‍പ്പെട്ടത്.

മൈതാനത്തിന് പുറത്തേക്കുള്ള വളരെ ഇടുങ്ങിയ റോഡിലാണ് ദുരന്തമുണ്ടായത്. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് രാവണന്റെ കോലം കത്തിച്ചശേഷം ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അതേ സമയം മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. ഗാന്ധി മൈതാനത്തിലെ പരിപാടി സംസ്ഥാന സര്‍ക്കാരാണ് സംഘടിപ്പിക്കുന്നത്.

വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടിയതാണ് അപകടകരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ലൈന്‍ പൊട്ടി വീണു എന്ന് കേട്ട് ആളുകള്‍ പുറത്തേക്ക് പോകാന്‍ തിരക്കുകൂട്ടിയതാണ് അപകടത്തിനു കാരണമായത്. തിരക്കില്‍ താഴെവീണവരാണ് കൊല്ലപ്പെട്ടത്.

മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആഭ്യന്തര സെക്രട്ടറി അമീര്‍ സുബാനി പറഞ്ഞു. പരിക്കേറ്റവരെ രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള പട്‌ന മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :