ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:32 IST)
അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹി ഭക്ഷ്യ - പരിസ്ഥിതി മന്ത്രി അസിം അഹമ്മദ് ഖാനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കി. കെട്ടിട നിര്‍മ്മാതാവിനോട് കൈക്കൂലി ചോദിച്ചുവെന്ന ആരോപണമാണ് അസിം അഹമ്മദ് ഖാനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇതേതുടര്‍ന്നാണ് മന്ത്രിയെ കെജ്രിവാള്‍ പുറത്താക്കിയത്.
പുറത്താക്കിയ കാര്യം കെജ്രിവാള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. അസിം മുഹമ്മദ് ഖാനും കെട്ടിട നിര്‍മ്മാതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. തെളിവുകള്‍ പരിശോധിച്ചുവെന്നും കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ ആയാലും മന്ത്രി ആയാലും അഴിമതി നടത്താന്‍ അനുവദിക്കില്ല. അന്വേഷണം പൂര്‍ത്തിയാകുംവരെ അസിം അഹമ്മദ് ഖാന്‍ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്നും കെജ്രിവാള്‍
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസിം അഹമ്മദ് ഖാന് പകരം ഇമ്രാന്‍ ഹുസൈന്‍ ഭക്ഷ്യമന്ത്രിയാകും. ആരോപണങ്ങള്‍ ഏറെ ഉയര്‍ന്ന ആം ആദ്മി സര്‍ക്കാരിന്റെ പ്രതിഛായക്കേറ്റ കനത്ത അടിയായിരുന്നു അസൈം ഖാനെതിരായ അഴിമതി ആരോപണം.