കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (14:02 IST)
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ആണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സത്യവാങ്‌മൂലം നല്കിയത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തിലായ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

വ്യാപക ക്രമക്കേട് കണ്‍സ്യൂമര്‍ ഫെഡില്‍ നടന്നിട്ടുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അഞ്ച് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നെണ്ണം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സത്യവാങ്‌മൂലത്തില്‍ പറയുന്നു.
വിജിലന്‍സ് എസ് പിയാണ് സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.

ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :