സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 9 നവംബര്‍ 2022 (17:30 IST)
ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്റിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍. ന്യൂസിലന്റ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പാക് പട അനായാസം മറികടന്നു. അഞ്ച് ബോളുകള്‍ ബാക്കി നില്‌ക്കേ ഏഴ് വിക്കറ്റിനാണ് പാക് വിജയം. ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായി ഫോം കണ്ടെത്തിയ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും, ക്യാപ്റ്റന്‍ ബാബര്‍ അസവും തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ന്യൂസിലന്റ് പതറി. 6 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.
നിലയുറപ്പിക്കും മുന്‍പ് ക്യാപ്റ്റന്‍ ബാബര്‍ അസത്തെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ തുലച്ചതോടെ ന്യൂസിലന്റിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. 42 പന്തില്‍ 53 റണ്‍സോടെ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബാബര്‍ അസം പുറത്താകുമ്പോള്‍ 12.4 ഓവറില്‍ 105 ന് ഒന്ന് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. വിജയത്തിന് 21 റണ്‍സ് കൂടി വേണ്ടിയിരിക്കെ സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാനേയും 57(43) ബോള്‍ട്ട് മടക്കി.
മുഹമ്മദ് ഹാരിസ് 30 (26) പുറത്തായെങ്കിലും അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്നു. ആദ്യ ബോള്‍ വൈഡെറിഞ്ഞതോടെ അഞ്ച് പന്തുകള്‍ ബാക്കി നില്‌ക്കേ പാക് പട വിജയം രുചിച്ചു.