തിരുവനന്തപുരം|
Last Modified ചൊവ്വ, 20 മെയ് 2014 (11:19 IST)
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം ജനയുഗം. കാല്‍കീഴിലെ മണ്ണൊലിക്കുന്നത് കാണാതെ പോകരുത്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗം വിശദീകരിക്കുന്നു. പത്രാധിപ സമിതിയിലെ മുതിര്‍ന്ന സഖാക്കള്‍ കൂടിയാലോചിച്ചാണ് ജനയുഗത്തിന്റെ മുഖപ്രസംഗ വിഷയങ്ങള്‍ തീരുമാനിക്കുന്നതെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരുടെ ആശങ്കകളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ പത്രം മുന്‍കൈ എടുക്കുന്നതെന്ന് മുഖപ്രസംഗത്തിന്റെ ആമുഖത്തില്‍ പറയുന്നു.
ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് എല്ലാം അനവസാനിക്കുന്നില്ല. വിജയത്തില്‍ മതിമറന്ന് അര്‍മാദിക്കുന്നതും പരാജയത്തില്‍ നിലവിട്ട് നിലവിളിക്കുന്നതും കമ്മ്യൂണിസ്റ്റ്കാരുടെ ശൈലിയല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പരാജയം ഉള്ളുതുറന്ന ആത്മവിമര്‍ശനത്തിന് കമ്യൂണിസ്റ്റുകളെ സജ്ജമാക്കണം. രാജ്യം പുതിയ രാഷ്ട്രീയ അനുഭവങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ടുവെന്നും ജനങ്ങള്‍ വെറുത്ത കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തിന്റെ അക്രമാസക്ത വക്താക്കളാണ് ഇനി അധികാരത്തിലെത്തുന്നതെന്നും മുഖപ്രസംഗം പറയുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകളുടെ ശേഷി പരീക്ഷിക്കപ്പെടുകയാണ്. ഇത്തരമൊരു ദശാസന്ധിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തില്‍ മാത്രമാണെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ കാരണങ്ങള്‍ കൊണ്ട് ഇടതുപക്ഷം കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷത്തിന് കഴിയണണെമെന്നും അല്ലാത്ത പക്ഷം പ്രത്യാശയുടെ വെളിച്ചം കെട്ടുപോകുമെന്നും മുഖപ്രസംഗം പറയുന്നു.