ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍, ബാങ്കുകളും പ്രവര്‍ത്തിക്കില്ല !

ചെന്നൈ| ജോര്‍ജി സാം| Last Modified തിങ്കള്‍, 15 ജൂണ്‍ 2020 (17:07 IST)
തമിഴ് നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പടെയുള്ള നാല് ജില്ലകളിലാണ് ജൂണ്‍ 19 മുതല്‍ 30 വരെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ദിനം‌പ്രതി വന്‍ വര്‍ദ്ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ, കാഞ്ചീവരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് ലോക്‍ഡൌണ്‍. തിങ്കളാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഈ നാലു ജില്ലകളിലെ ലോക്ക് ഡൌണിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

ഗ്രോസറി ഷോപ്പുകളും പച്ചക്കറിക്കടകളും പെട്രോള്‍ ബങ്കുകളും മൊബൈല്‍ മാര്‍ക്കറ്റുകളും രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രം തുറക്കും.

വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ പരിധിയില്‍ മാത്രമായിരിക്കും ജനങ്ങള്‍ക്ക് വാഹനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി. അവശ്യ കാര്യങ്ങള്‍ക്കും മെഡിക്കല്‍ എമര്‍ജെന്‍സികള്‍ക്കും മാത്രമാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ ഉണ്ടായിരിക്കും.

ലോക്ക് ഡൌണ്‍ ആരംഭിച്ചതിന് ശേഷം ജൂണ്‍ 29നും ജൂണ്‍ 30നും മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. അതും 33 ശതമാനം ജീവനക്കാര്‍ മാത്രമേ ബാങ്കുകളില്‍ ഉണ്ടായിരിക്കുകയുള്ളൂ. എ ടി എമ്മുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം തുടരും. പൊലീസ്, ആരോഗ്യവകുപ്പ്, കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും വകുപ്പുകളും 33 ശതമാനം ജീവനക്കാരെ മാത്രം അനുവദിച്ചുകൊണ്ട് പ്രവര്‍ത്തിക്കും.

രാവിലെ ആറുമണി മുതല്‍ രാത്രി എട്ടുമണി വരെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും, പാഴ്സല്‍ സര്‍വീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക.

കോടതികളും മാധ്യമങ്ങളും പ്രവര്‍ത്തിക്കും.

ചെന്നൈക്ക് പുറത്തേക്ക് യാത്ര ചെയ്യാനായി ഉള്ള ഇ പാസുകള്‍ പരിമിതപ്പെടുത്തും. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജെന്‍സി എന്നിവയ്ക്ക് മാത്രമായിരിക്കും ഇ പാസ് അനുവദിക്കുക.

അമ്മ ഉണവകങ്ങളും കമ്യൂണിറ്റി കിച്ചണുകളും പ്രവര്‍ത്തിക്കും.

കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ അവരുടെ ജോലി നടക്കുന്ന സ്ഥലത്ത് ജീവനക്കാര്‍ക്ക് താമസ സൌകര്യമേര്‍പ്പെടുത്തി മാത്രം ജോലി തുടരാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :