മുംബൈ|
VISHNU.NL|
Last Modified വെള്ളി, 20 ജൂണ്‍ 2014 (12:04 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരാവാദിത്തമാരോപിച്ച് പാര്‍ട്ടിഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടും. മഹാരാഷ്‌ട്ര, അസം, ഹരിയാന മുഖ്യമന്ത്രിമാരെ മാറ്റുന്നതു സംബന്ധിച്ചുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി. ഉത്തര്‍ പ്രദേശ് അടക്കം 10 പിസിസികള്‍ക്കു പുതിയ അധ്യക്ഷന്മാര്‍ വരും.
ഇതിനു മുന്നോടിയായി ഛത്തീസ്‌ഗഡിലെ പാര്‍ട്ടി ഘടകങ്ങളെ ഹൈക്കമാന്‍ഡ് പിരിച്ചുവിട്ടു. ഛത്തീസ്‌ഗഡിലെ ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി പിരിച്ചുവിട്ടിട്ടുണ്ട്. പുതിയ നേതാക്കളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് പിസിസി പ്രസിഡന്റ് ഭുപേഷ് ബഗേല്‍ അറിയിച്ചു. എ കെ ആന്റണിക്കും അഹമ്മദ് പട്ടേലിനുമാണ് പുതിയ മുഖ്യമന്ത്രിമാരെ കണ്ടെത്തേണ്ട ചുമതല.
മഹാരാഷ്‌ട്രയില്‍ പൃഥീരാജ് ചവാന്റെ പിന്‍ഗാമിയെ കണ്ടെത്താനായി ഇരുവരും എന്‍സിപി. അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തി. മുന്‍കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ, ബാലാ സാഹിബ് തോറത്ത്, ആര്‍വി പട്ടേല്‍ എന്നിവരുടെ പേരുകളാണു മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്തേക്കു പാര്‍ട്ടി പരിഗണിക്കുന്നത്.
ഇതില്‍ ഷിന്‍ഡേയ്ക്കാണ് സാധ്യത കൂടുതല്‍. അതേ സമയം മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് അസം, ഹരിയാന സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്‌ച മുതല്‍ എകെ ആന്റണി പിസിസി പ്രസിഡന്റുമാരുമായും നിയമസഭാ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനു മുമ്പ് പുതിയ നേതൃത്വത്തെ കണ്ടെത്താനാണു ശ്രമം.