ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (16:24 IST)
ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ദയനീയമായി പരാജയപ്പെട്ട കൊണ്‍ഗ്രസിന്റെ സാമ്പത്തികാടിത്തറയും തകരുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി കാര്യങ്ങള്‍ നടത്താനുള്ള ഫണ്ടിന്റെ അപര്യാപ്തതയേ തുടര്‍ന്ന് സ്വന്തം എംപിമാരോട് കോണ്‍ഗ്രസ് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടതൊടെയാണ് ഇക്കാര്യം പുറത്ത് വന്നത്.
സംഭാവന ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ക്ക് പാര്‍ട്ടി ഖജാന്‍ജി മോത്തിലാല്‍ വോറ കത്തയച്ചതായിട്ടാണ് വിവരം. അതിനു പുറമെ മുന്‍ എംപിമാരോടും ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്വികള്‍ മൂലം സ്ഥിരമായി പണം കൊടുത്തിരുന്ന കോര്‍പ്പറേറ്റുകള്‍ കാര്യമായി ഗൌനിക്കാതിരുന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.
എല്ലാവര്‍ഷവും പാര്‍ട്ടിയംഗങ്ങളില്‍ നിന്നും പാര്‍ട്ടി 250 രൂപ വീതം സംഭാവന നല്‍കാന്‍ ആവശ്യപ്പെടാറുണ്ട്. അതിനും പുറമേയാണ് ഇപ്പോള്‍ വന്‍തുക സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്‌ടോബര്‍ ആദ്യ ആഴ്‌ച മുതല്‍ സംഭാവന അയച്ചു തുടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് എത്രകണ്ട് ഫലപ്രാപ്തിയിലെത്തുമെന്ന് കോണ്‍ഗ്രസിന് ഉറപ്പൊന്നുമില്ല.