ബീജിംഗ്|
jibin|
Last Modified ബുധന്‍, 15 ജൂലൈ 2015 (11:44 IST)
നിരോധിത ഭീകരസംഘടനയുടെ വിഡിയോ കണ്ടതിന് ഇന്ത്യക്കാരനടക്കം 20 വിദേശ വിനോദ സഞ്ചാരികള്‍ ചൈനയില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ബ്രിട്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ളവരാണ് പിടിയിലായവരിൽ അധികവും. ചൈനയിൽ 47 ദിവസത്തെ സന്ദർശനത്തിനായെത്തിയ സംഘത്തെയാണ് ഇർദോസിലെ ഇന്നർ മംഗോളിയൻ സിറ്റിയിലുള്ള വിമാനത്താവളത്തിൽ തടയുകയായിരുന്നു.
അഞ്ച് ദക്ഷിണാഫ്രിക്കൻ സ്വദേശികളേയും മൂന്ന്
ബ്രിട്ടൺ സ്വദേശികളേയും ഒരു ഇന്ത്യൻ സ്വദേശിയേയും ഒഴികെ പിടിയിലായ മറ്റ് 11 ടൂറിസ്റ്റുകളെ വിട്ടയക്കാൻ
ചൈന തയ്യാറായെന്നും, മറ്റുള്ളവർ ഇന്നർ മംഗോളിയയിലുള്ള തടങ്കലിൽ തുടരുമെന്നും ഗിഫ്റ്റ് ഒഫ് ഗിവേഴ്സ് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടീഷ് കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ചിരുന്നുവെന്നും അധികൃതരുമായി ചർച്ചകൾ നടത്തി വരികയാണെന്നും ബ്രിട്ടന്റെ വിദേശകാര്യ വക്താവ് പറഞ്ഞു.
പിടിയിലായവർക്ക് ഭീകരവാദ ബന്ധമൊന്നും ഇല്ലെന്നും ഇവർക്കെതിരെ സ്വദേശങ്ങളിൽ കേസുകളൊന്നും നിലവിലില്ലെന്നും സന്നദ്ധ സംഘടന പറഞ്ഞു. അതേസമയം, ഇന്ത്യക്കാരൻ ഉൾപ്പെട്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ചൈനീസ് അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.