ചെന്നൈയില്‍ വീണ്ടും മഴ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ചെന്നൈ| JOYS JOY| Last Modified ശനി, 5 ഡിസം‌ബര്‍ 2015 (11:23 IST)
പ്രളയദുരന്തത്തില്‍ മുങ്ങിയ ചെന്നൈയില്‍ ഇടവിട്ട് എത്തുന്ന ആശങ്കയുയര്‍ത്തുന്നു. മഴ പെയ്തെങ്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. അതേസമയം, ഭക്ഷണവും വെള്ളവും മരുന്നു കിട്ടാതെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. പ്രളയം നാശം വിതച്ച പ്രദേശങ്ങളില്‍ പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

പ്രളയദുരന്തത്തില്‍ ചെന്നൈ നഗരത്തില്‍ മാത്രം മരണസംഖ്യ 65 ആയി. വെള്ളക്കെട്ടിലും മാന്‍ഹോളിലും വീണും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ മരണവും. അതേസമയം, പ്രളയദുരന്തത്തില്‍ തമിഴ്നാട്ടില്‍ ഇതുവരെ 325 പേര്‍ മരിച്ചുവെന്നാണ് കണക്ക്.

11 ലക്ഷം പേരെ ഇതുവരെ ഒഴിപ്പിച്ചുവെന്ന് തമിഴ്‌നാട് റിലീഫ് ഓഫീസര്‍ അറിയിച്ചു. പാല്‍, പച്ചക്കറി, ഭക്ഷണസാധനങ്ങളുടെ വില റോക്കറ്റു പോലെ ഉയരുകയാണ്. 22 രൂപയുടെ പാല്‍ പായ്‌ക്കറ്റ് 100, 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. കുടിക്കാനും ദൈനംദിന ആവശ്യത്തിനും വേണ്ട ജലത്തിന്റെ അഭാവമാണ് ജനങ്ങളെ വലയ്ക്കുന്ന മറ്റൊരു പ്രധാനപ്രശ്നം.

അതേസമയം, മഴയ്ക്ക് ചെറിയ തോതില്‍ ശമനം വന്നതോടെ ഗതാഗതം കുഴപ്പമില്ലാത്ത രീതിയില്‍ നടക്കുന്നുണ്ട്. എ ടി എമ്മുകള്‍ നിശ്ചലമായ സാഹചര്യത്തില്‍ ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. പ്രവര്‍ത്തനക്ഷമമായ എ ടി എമ്മുകള്‍ക്കും പെട്രോള്‍ പമ്പുകളിലും നീണ്ട ക്യൂവാണ്.

ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ചെന്നൈ നഗരത്തില്‍ ബസ് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. പരീക്ഷകളെല്ലാം മാറ്റിവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :