ചെന്നൈയില്‍ വീണ്ടും മഴ; രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു

ചെന്നൈ| JOYS JOY| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2015 (16:16 IST)
അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് പെയ്യില്ലെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ അപ്രസക്തമാക്കി ചെന്നൈയില്‍ വീണ്ടും മഴ. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ചെന്നൈയില്‍ വീണ്ടും മഴ പെയ്തു തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഉണ്ടായ മഴ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം, ചെന്നൈയില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒരു ലിറ്റര്‍ പാലിന് 100 രൂപയാണ് നിലവിലെ വില. 20 ലിറ്റര്‍ വെള്ളത്തിന്റെ ബോട്ടിലിന് 150 മുതല്‍ 250 രൂപ വരെയാണ് വിപണിയില്‍ വില പേശുന്നത്. ചെന്നൈ എഗ്‌മോറില്‍, ഒരു തക്കാളിയും രണ്ട് സവോളയും വില്‍ക്കുന്നത് 30 രൂപയ്ക്കാണ്. മഴ കാരണം ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ചെന്നൈയിലേക്ക് പച്ചക്കറി വണ്ടികള്‍ എത്താത്തതാണ് വില കുത്തനെ ഉയര്‍ത്താന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.

ഇതിനിടെ, വൈദ്യുതി പുനസ്ഥാപിച്ചെന്ന് പറയുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും വൈദ്യുതി ഇല്ല. വെള്ളവും കുടിവെള്ളവും ലഭിച്ചു തുടങ്ങിയിട്ടില്ല. മൊബൈല്‍ ഫോണുകളില്‍ നെറ്റ്‌വര്‍ക്കില്ല. ഇതിനാല്‍ ആളുകള്‍ക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :